Friday, 21 August 2009

സ്വവർഗ്ഗരതി കുറ്റമാണോ ഇസ്ലാമിൽ?

'സ്വവർഗ്ഗരതിയും ഇസ്ലാമും' എന്ന എന്റെ കഴിഞ്ഞ പോസ്റ്റിലെ അന്വേഷണത്തോടുള്ള പ്രതികരണം ശുഷ്കമായിപ്പോയി. എന്റെ അൽപത്തത്തോട്‌ പ്രതികരിക്കേണ്ട എന്നു കരുതിയാകാം പലരും പ്രതിക്കാതിരുന്നത്‌.അല്ലെങ്കിൽ ഈ വിഷയത്തിൽ മനസ്‌ തുറന്നു അഭിപ്രായം പറയാനുള്ള ഭയമോ സങ്കോചമോ ആവാം.ബ്ലോഗുകളുടെ ആധിക്യം കാരണമോ മറ്റോ ഇത്‌ കൂടുതൽപേർ വായിക്കപ്പേടാതെ പോയതും കാരണമാവാം.
'ചർച്ചക്കൊന്നും ഞങ്ങളില്ല, ഞങ്ങൾക്കു ചില ഉറച്ച അഭിപ്രായങ്ങൾ ഉണ്ട്‌, ഞങ്ങളുടെ പണ്ഠിതന്മാർ ഈ വിഷയത്തിൽ എഴുതിയത്‌ വായിക്കൂ, അതിൽ എല്ലാം ഉണ്ടാകും'.ഇത്തരം സമീപനങ്ങൾ ഉള്ളവരും ഇല്ലാതിരിക്കില്ല.

ഏതായാലും ഈവിഷയത്തിൽ ചിലകാര്യങ്ങൾ കൂടി എഴുതി വായനക്കാരുടെ ദീർ ഘകാല വിചിന്തനത്തിനായി ഈ വിഷയം വിടുന്നു.

പ്രബോധനം വാരിക,സ്നേഹസംവാദം(http://www.nicheoftruth.org/samvadam/pdf/download.asp?file=InetEdn_Aug2009.pdf) എന്നിവയിലെ ഈ വിഷയത്തിലുള്ള ലേഖനങ്ങൾ വായിച്ചപ്പോൾ തോന്നിയ വിചാരങ്ങൾ കുറിക്കട്ടെ.പ്രതികരിക്കുമ്പോൾ കഴിഞ്ഞ പോസ്റ്റ്‌ കൂടി വായിച്ച്‌ പ്രതികരിക്കണമെന്ന് അപേക്ഷിക്കുന്നു.

1-സ്വവർഗ്ഗരതിയെ പ്രകൃതിവിരുദ്ധവും സദാചാരവിരുദ്ധവും മനോവൈകല്യവും ഒക്കെയായി പാടെ തള്ളിക്കളയുന്ന സമീപനമാണ്‌ ഈ ലേഖനങ്ങളിൽ കാണാൻ കഴിഞ്ഞത്‌. ഏകപക്ഷീയമായ ശാസ്ത്രവാദങ്ങളും ഉദ്ധരണികളും യുക്തികളും കൊണ്ട്‌ സമർത്ഥിക്കുന്നു ഇവയിൽ.

2-ചില സ്വവർഗ്ഗരതി പക്ഷവാദികളുടെ ലളിതവത്കൃതമായ വാദങ്ങളെ ഉയർത്തിക്കാട്ടി സ്വവർഗ്ഗാതിക്കാരുടെ വാദങ്ങളെ മൊത്തത്തിൽ അപഹസിക്കുന്ന സമീപനവും കാണാൻ കഴിഞ്ഞു.ഉദാഹരണം, എൻ എം ഹുസൈന്റെ പ്രബോധനം ലേഖനം.(സ്വവർഗ്ഗരതിയും മേനകാഗാന്ധിയും പിന്നെ മാത്രുഭൂമിയും09ആഗസ്റ്റ്‌22).മേനക ഗാന്ധിയുടെ ലേഖനവും ഈ വിഷയത്തെക്കുറിച്ചല്ലാത്ത മത്രുഭൂമി ആഴ്ചപ്പതിപ്പിലെ 'മാതൃത്വം ഒരുസങ്കൽപമാണ്‌' എന്ന ലേഖനവും അദ്ദേഹം കണ്ടു. മറുപടി എഴുതാൻ സൗകര്യമായതിനാലാവാം അവക്ക്‌ മറുപടി എഴുതുകയും ചെയ്തു. എന്നാൽ ഞാൻ ഈ പോസ്റ്റിൽ ഉദ്ധരിച്ച കിഷോർ കുമാറിന്റെ ലേഖനത്തെ കുറിച്ച്‌ ഒരു പരാമർശ്ശം പോലും അദ്ദേഹം നടത്തിക്കണ്ടില്ല.വായിക്കാത്തതിനാലാവാം എന്നു കരുതാം.

3-സ്വവർഗ്ഗരതി പ്രകൃതി വിരുദ്ധമല്ല എന്നു വ്യക്തമാക്കാൻ വളരെ ന്യൂനപക്ഷം വരുന്ന ചില ജന്തുക്കളിൽ സ്വവർഗ്ഗ രതി കണ്ടുവരുന്നുണ്ട്‌ എന്ന് പറയാറുണ്ട്‌.എന്നാൽ ഇതു മാത്രമല്ല പറയാറുള്ളത്‌.പ്രകൃതിയിൽ ഒരു ന്യൂനപക്ഷം ജന്തുക്കളിലുള്ളതുപോലെ എതിർവ്വർഗ്ഗലൈംഗികരായ ഉയർന്നതരം ജീവികളിലും ജന്മനാ ഒരു ന്യൂനപക്ഷത്തിൽ സ്വവർഗ്ഗലൈംഗികത കണ്ടുവരുന്നുണ്ട്‌.അതിനു ജീവശാസ്ത്രപരവും ജനിതകവുമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു.ഇത്തരം ശാസ്ത്രീയവെളിപ്പെടുത്തലുകളിൽ ആകപ്പാടെ സംശയവും ഗൂഢോദ്ദേശങ്ങളും കാണുകയാണ്‌ ഈ ലേഖനങ്ങൾ ചെയ്യുന്നത്‌.

4-ജീവികളിലെ എല്ലാ സ്വഭാവചെയ്തികളും മനുഷ്യപ്രകൃതമാവുമോ എന്നാണ്‌ മറ്റൊരു ചോദ്യം.മനുഷ്യൻ ജീവശസ്ത്രപരമായി സസ്യഭുക്കാണെന്ന് പാറയപ്പെടുന്നു.അപ്പോൾ പ്രകൃതമനുസരിച്ച്‌ മാംസം കഴിക്കാൻ പാടുണ്ടോ?ഇവിടെ പ്രകൃതിയിൽ ഓരോ ജീവികൾക്കും ഓരോ പ്രകൃതമുണ്ടെന്നും അവക്ക്‌ പരിണാമം സംഭവിക്കാമെന്നും കരുതാം.ചില സ്വഭാവങ്ങൾ പൂർണ്ണമായി മാറാതെ ചെറിയതോതിൽ അതിജീവിക്കുന്നുണ്ടാവാം.അങ്ങനെ അതിജീവിച്ചതായിക്കൂടെ കുറച്ചാളുകളിൽ കാണുന്ന സ്വവർഗ്ഗരതി?

5-അമേരിക്കയിലും മറ്റും സ്വവർഗ്ഗരതിയെ അംഗീകരിക്കുന്ന ക്രൈസ്തവസഭകൾ ഉണ്ട്‌.സ്വവർഗ്ഗരതിക്കാരായ പുരോഹിതന്മാർക്കും അംഗീകാരം ഉണ്ട്‌. ബൈബിൾ ഖുർ-ആനെപ്പോലെ തന്നെ സ്വവർഗ്ഗ രതിയെ അംഗീകരിക്കുന്നില്ലെന്ന് പ്രബോധനം ലേഖനത്തിൽ പറയുന്നു. എന്നിട്ടും എന്തുകൊണ്ട്‌ സഭകൾക്ക്‌ ഇത്‌ അംഗീകരിക്കേണ്ടിവരൂന്നു. സ്വവർഗ്ഗരതിക്ക്‌ ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് സ്ഥാപിക്കാൻ സഭകൾക്ക്‌ ശാസ്ത്രജ്ഞന്മാരെ കിട്ടാഞ്ഞിട്ടാണോ? ശാസ്ത്രീയ അടിസ്ഥാന്നമില്ലെകിൽ ഇവർ ഇതിനു അംഗീകാരം നൽകുമോ?

6-നബിയോ ഖുർ-ആനോ സ്വവർഗ്ഗരതിയെ വ്യഭിചാരത്തിന്റെ കൂട്ടത്തിൽ ഉൾപെടിത്തിയിട്ടില്ല.മദ്‌ഹബുകൾ അതിനെ വ്യഭിചാരമായി കണക്കാക്കിയിട്ടുണ്ട്‌ എന്നതിനാൽ അത്‌ വ്യഭിചാരം തന്നെയാണ്‌ എന്നാണ്‌ പ്രബോധനം ലേഖനം പറയുന്നത്‌.സ്വവർഗ്ഗരതിയെക്കുറിച്ച്‌ ഖുർ-ആനിൽ പരാമർശ്ശം ഉണ്ടായിട്ടും എന്തുകൊണ്ട്‌ ഖുർ-ആനും മുഹമ്മദ്‌ നബിയും ഇക്കാര്യത്തിൽ ഒരു അന്തിമവിധിനൽകിയില്ല?എന്റെ പോസ്റ്റിൽ ലൂത്ത്‌ നബിയുടെ കാലത്തെ സ്വവർഗ്ഗരതിയെക്കുറിച്ചു പറഞ്ഞ അനുമാനങ്ങൾ ഒന്നു കൂടി വായിക്കുക.

7-എല്ലാ ജീവജാലങ്ങളെയും ഇണകളായി സൃഷ്ടിച്ചു എന്ന്‌ ഖുർ-ആൻ(42:11,36:36,51:49,13:3,26:7,43:12).പ്രകൃതിയിൽ കുറച്ചു ജീവികൾ ഏകലിംഗരോ അലൈംഗികരോ ആണെന്ന് ശാസ്ത്രം പറയുന്നു. അങ്ങനെയെങ്കിൽ ഖുർ-ആന്റെ പരാമർശ്ശം സത്യവിരുദ്ധമാവില്ലേ? ഇല്ലെന്നു ഞാൻ ഉറപ്പിച്ചു പറയും .കാരണം ഇണ എന്നാൽ സ്ത്രീയും പുരുഷനും എന്ന പരമ്പരാഗതധാരണയാവണമെന്നില്ലല്ലോ.

8-ഇന്നല്ലെങ്കിൽ നാളെ സ്വവർഗ്ഗരതിയെ അംഗീകരിക്കുന്ന നിർബന്ധിതാവസ്ഥയിലേ ഇസ്ലാമും മുസ്ലിംകളും എത്തേണ്ടിവന്നേക്കാം.അന്നു ഞാൻ പറയുന്ന ന്യായങ്ങൾ തന്നെയാകുമോ ഇസ്ലാമിക പണ്ഠിതർ പറയുക എന്നൂന്നും പറയാൻ പറ്റില്ല. എന്റേത്‌ ഒരു സാധാരണക്കാരന്റെ അഭിപ്രായം മാത്രം.

9-ബഹുസ്വരതയെക്കുറിച്ചും മഴവിൽ ഇസ്ലാമിനെക്കുറിച്ചും ഉള്ള ചർച്ചയിൽ സ്വവർഗ്ഗരതിക്കാരെക്കുറിച്ച്‌ ഒരു പുനർവ്വിചിന്തനത്തിന്‌ ഇടം നൽകിക്കൂടേ?

10-പാശ്ചാത്യരാജ്യങ്ങളിൽ കുടുംബ വ്യവസ്ഥ തിരിച്ചു വരണമെന്ന് പുതിയ തലമുറ ആഗ്രഹിക്കൂന്നു എന്നും സ്വവർഗ്ഗ ലൈംഗികതയൊക്കെ നിരീശ്വരവാദികളായ ശാസ്ത്രജ്ഞന്മാരുടെ കുബുദ്ധിയാണെന്നും വിമർശ്ശം.പാശ്ചാത്യരാജ്യങ്ങളിൽ തന്നെയല്ലേ പൊതുസമൂഹവും നിയമവും അവർക്കനുകൂലമായിക്കൊണ്ടിരിക്കുന്നത്‌.സ്വവർഗ്ഗ വിവാഹത്തിലൂടെ സ്വവർഗ്ഗകുടുംബം സൃഷ്ടിക്കപ്പേടുന്നുണ്ടല്ലോ.അപ്പോൾ കുടുംബവ്യവസ്ഥക്ക്‌ ഇത്‌ എതിരാകുന്നത്‌ എങ്ങനെയാണ്‌?

11-സ്വവർഗ്ഗ ലൈഗികത തീർത്തും അടിസ്ഥാനരഹിതമാണെന്ന് നിശ്ശംശയം ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ ഞാനീ പറയുന്നതിനൊന്നും പ്രസക്തിയുണ്ടാവില്ല.മറിച്ചാണെങ്കിൽ പുനർ വിചിന്തനം നടത്തിയേ തീരൂ.

ഖുർ-ആന്റെ പരിമിതിയാണോ അവയെ വ്യാഖ്യാനിക്കുന്ന മനുഷ്യന്റെ പരിമിതിയാണോ ഇത്തരം സന്ദർഭങ്ങളിൽ നാം അഭിമുഖീകരിക്കുന്ന പ്രശ്നം?

14 comments:

 1. സ്വവര്‍ഗ്ഗ രതിയെ കുറിച്ച്‌ ഇനിയും ചര്‍ച്ച വേണോ.. വേണ്ടെന്നാണു തോന്നുന്നത്‌ ഒന്ന് മാത്രം...

  ഭോഗിയുടെ വേദപുസ്തകത്തില്‍
  ഭോഗം വേദവാക്യമാകുന്നു....

  ഭോഗിയുടെ വേദവാക്യങ്ങള്‍ ഖുരാനില്‍ തപ്പരുത്‌ എന്നര്‍ത്തം... നബിചര്യയിലും....

  ചര്‍ച്ച ചെയ്യേണ്ടതില്ലാത്ത വിധം പ്രകൃതിവിരുദ്ധമായതിനാലത്‌ .... ചര്‍ച്ച ചെയ്തില്ല... ആ ലൈംഗികത , ഘോര ശിക്ഷക്ക്‌ കാരണമാകുന്ന പ്രവൃത്തിയാണെന്നു ഖുര്‍ ആന്‍ ലുത്തിണ്റ്റെ ശിക്ഷ്യിലൂടെ ഓര്‍മ്മിപ്പിച്ചല്ലോ...

  ചര്‍ച്ച ചെയ്യേണ്ടതില്ലാത്ത വിധം വിഷ്യ വിരുദ്ധമ്മാണു ക്ളിനിക്കിണ്റ്റെ പോസ്റ്റെന്നതിലാണു മുമ്പാരും ചര്‍ച്ചക്ക്‌ വരാതിരുന്നാത്‌.... ഓര്‍ക്കണം അന്നവിടെ അതിണ്റ്റെ ശാസ്ത്രീയതയാണു ചര്‍ച്ച ചെയ്തത്‌... ഇസ്ളാമികത്യല്ല.. അത്‌ കൊണ്ടാണന്നാര്‍ക്കും മിണ്ടാന്‍ താല്‍പര്യമില്ലാതിരുന്നത്‌...

  അത്നാല്‍ സന്ദേഹിക്കുന്നവനേ.. ഭോഗിയുടെ വേദവാക്യം ഖുര്‍ ആനില്‍ തപ്പരുത്‌...

  ReplyDelete
 2. മതത്തിനുള്ളില്‍ മനുഷ്യത്വം കാണാനുള്ള ഈ ശ്രമത്തിന് ഭാവുകങ്ങള്‍ !

  ReplyDelete
 3. കുണ്ടന്‍ പണി ,കോഴികോടന്‍ പണി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന -ആണ്‍കുട്ടികളെ ഉപയോഗിക്കുന്ന — ലൈംഗീക രീതി ഏറ്റവും കൂടുതല്‍ ഉള്ളത് (അഗ്രച്ചര്മം മുറിച്ചുകളുയുന്ന ) സുന്നത്ത് നടത്തുന്ന സമൂഹങ്ങല്കിടയിലാണ് ഉദാഹരണത്തിന് മുസ്ലിങ്ങല്കിടയിലും ജൂതന്മാരിലും .ഇതു നിഷേധിക്കാന്‍ ഏത് ” സത്യാ വിശ്വാസിക്കാവും ” ? .ഈ ഒരു ഒറ്റ കാര്യം അപഗ്രധിച്ച്ചു പഠിച്ചാല്‍ ഏത് ” സത്യാ വിശ്വാസിയുടെയും ബുദ്ധ്തി തെളിയും

  ReplyDelete
 4. 1-മുസ്ലിം പുരുഷന്മാർ ലിംഗത്തിന്റെ അഗ്രചർമ്മം ഛേദിക്കൂന്നത്കൊണ്ടാണ്‌ അവരിൽ കുണ്ടൻപണി കൂടുതൽ കാണുന്നതെന്ന് ആധികാരികമായി പറയാൻ കഴിയുമോ? അങ്ങനെ പറയാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ പറയണം.

  2-സുന്നത്ത്‌ പ്രകൃതി വിരുദ്ധമല്ലേ? എന്നൊരു ചോദ്യവും ഉയർന്നേക്കാം.ദൈവം സൃഷ്ടിച്ച ലിംഗത്തിന്റെ അഗ്രചർമ്മത്തെ മുറിച്ചു കളയുന്നത്‌ എന്തിനാണ്‌? അത്‌ ചെയ്യുന്നതു കൊണ്ട്‌ വല്ല ആരോഗ്യഗുണവും ഉണ്ടെങ്കിൽ ദൈവത്തിന്റെ സൃഷ്ടിപ്പിൽ എന്തോ പോരായ്മ ഉണ്ടെന്നല്ലേ കരുതാൻ കഴിയുക? ഇതു കൊണ്ട്‌ വല്ലദോഷവുമാണ്‌ ഉള്ളതെങ്കിൽ അത്‌ ഒഴിവാക്കിക്കൂടെ? മുസ്ലിം നിർബന്ധമായി ചെയ്യേണ്ട കാര്യമൊന്നുമല്ലല്ലോ അത്‌.കുണ്ടൻ പണിക്ക്‌ അത്‌ കാരണമാണെങ്കിൽ ഗൗരവമായി പണ്ഡിതന്മാർ ഈ വിഷയം കണക്കിലെടുക്കേണ്ടതുണ്ട്‌.

  3-സ്തീകളുടെ ചേലാകർമ്മവും സുന്നത്താണെന്ന് കരുതുന്നവർ മുസ്ലിംകളിലുണ്ടത്രേ.ആഫ്രിക്കൻ രാജ്യങ്ങളിൽ ഇതു കാണാം.

  4-മുസ്ലിംകളിൽ സ്വവർഗ്ഗരതിക്ക്‌ അവരുടെ ഒരു ആചാരം തന്നെ കാരണമാകുന്നുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടു വരേണ്ടതുണ്ട്‌.ഒരു പ്രകൃതി വിരുദ്ധ ആചാരം ഒരു 'പ്രകൃതിവിരുദ്ധ' പ്രവൃത്തിക്ക്‌ കാരണമാകുന്നുണ്ടെങ്കിൽ അത്‌ പുന:പരിശോധനക്ക്‌ വിധേയമാക്കേണ്ടതല്ലേ?

  5-ഓർമ്മിക്കുക.ചേലാകർമ്മം സ്വവർഗ്ഗരതിക്ക്‌ കാരണമാകുന്നുണ്ടെങ്കിൽ അത്‌ ജന്മനാ ഉണ്ടാകുന്ന സ്വവർഗ്ഗരതിയല്ല.അത്‌ ചേലാകർമ്മം ഉപേക്ഷിക്കുന്നതിലൂടെ ഒഴിവാക്കാവുന്നതാണ്‌.അതിന്‌ മുസ്ലിം സമൂഹം തയ്യാറാവുമോ?

  5-ചേലാകർമ്മം മൂലം ഉണ്ടാകുന്നതെന്ന് സംശയിക്കുന്ന സ്വവർഗ്ഗരതി ബാലരതി മാത്രമാണന്ന് തോന്നുന്നു.പ്രായപൂർത്തിയായവർ തമ്മിലും ഇത്‌ കാരണം സ്വവർഗ്ഗരതി ഉണ്ടാകുന്നുണ്ടോ? ആധികാരികമായി, ശാസ്ത്രീയമായി പരിശോധിക്കാതെ ഒന്നും പറയാൻ കഴിയില്ല.

  ReplyDelete
 5. ചോ: സ്വവര്‍ഗ്ഗരതി ഇസ്ലാമില്‍ കുറ്റമാണോ?
  ഉ: അതെ

  ചോ: എന്തു കൊണ്ട്?
  ഉ: ഖുര്‍‌ആനില്‍ ലൂത്ത് നബിയുടെ സമുദായത്തെ നശിപ്പിക്കുവാനുള്ള കാരണമായി വ്യക്തമായിപറഞ്ഞതിനാല്‍-

  ചോ: ഇസ്ലാമിലെ വ്യഭിചാരക്കുറ്റത്തിൽ സ്വവർഗ്ഗരതിയും ഉൾപ്പെടുന്നുണ്ടോ? ഖുർ-ആനിലും ഹദീസിലും വ്യഭിചാരക്കുറ്റത്തിനു നൽകുന്ന ശിക്ഷതന്നെയാണോ സ്വവർഗ്ഗ രതിക്കും നിശ്ചയിച്ചിട്ടുള്ളത്‌?

  സ്ത്രീ പുരുഷ വ്യഭിചാരത്തിന്റെ പേരില്‍ ഒരു സമൂഹത്തെ നശിപ്പിച്ചതായി ഖുര്‍‌ആന്‍ പറയുന്നില്ല, അതിനാല്‍ സ്വവര്‍ഗ്ഗരതി അതിനേക്കാള്‍ പാപകരമായാണ് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്.

  ചോ: ഖുർ-ആനിൽ സ്വവർഗ്ഗരതിക്കെതിരെ ശക്തമായ പരാമർശ്ശങ്ങൾ ഉണ്ടെന്നതു നേരാണ്‌.ലൂത്ത്‌ നബിയെയും അദ്ദേഹത്തിന്റെ ജനതയേയും വിവരിക്കുന്നിടത്താണു ഇതു കാണുന്നത്‌.ഇത്‌ മഹാ അപരാധമായിട്ടു തന്നെയാണു അവിടെ അധിക്ഷേപിക്കപ്പെട്ടിരിക്കുന്നത്‌.എന്നാൽ മുഹമ്മദ്‌ നബിയുടെ ശരീ-അത്തിൽ സ്വവർഗ്ഗ വ്യഭിചാരത്തിനു എന്തു ശിക്ഷ നൽകണമെന്നത്‌ ഖുർ-ആനിൽ കാണുന്നില്ല.

  ഉ: ഒരു തമാശക്കല്ല ലൂത്ത് നബിയുടെ ചരിത്രം ഖുറ്‌ആന്‍ പറയുന്നത്- ഒരു പാഠമായിട്ടാണ്.

  ചോ: ചെറുപ്പത്തിൽ മദ്രസക്കുള്ളിലും പള്ളികൾക്കുള്ളിലും വെച്ച്‌ ഉസ്താതുമാരുടെ നിർബന്ധിത സ്വവർഗ്ഗരതിക്കു വിധേയമായിട്ടുള്ള ഒരാളാണു ഞാൻ.

  ഉ: അത് കൊണ്ട് തെറ്റ് ശരിയാവുകയില്ല. മറിച്ച് പണ്ഠിതര്‍ ചെയ്യുന്ന തെറ്റിന് സാധാരണക്കാര്‍ ചെയ്യുന്നതിന്റെ ഇരട്ടി ശിക്ഷയും കിട്ടും.

  ചോ: മുസ്ലിംകൾക്കിടയിൽ ഈ പ്രവണത കൂടുതലുണ്ടെന്ന് പൊതുവേ പറയപ്പെടുന്നത്‌.വസ്തുതാപരമായി ഇതെത്രമാത്രം ശരിയാണെന്നു ആധികാരികമായി അറിവുള്ളവർ പറയട്ടെ.

  ഉ: മുസ്ലിങ്ങള്‍ക്കിടയില്‍ ഒരു സമൂഹമെന്ന രീതിയില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നതാണ് വസ്തുത, അമേരിക്കയിലും മറ്റും സ്വര്‍ഗ്ഗഭോഗികളുടെ ഏരിയകള്‍ വരെയുണ്ട്.

  ReplyDelete
 6. സുഹൃത്തേ,
  പ്രതികരണത്തിന്‌ നന്ദി.

  1-സ്ത്രീ-പുരുഷ വ്യഭിചാരത്തേക്കാൾ പാപമാണ്‌ സ്വവർഗ്ഗരതിയെന്നാണോ പണ്ഠിതന്മാർ പറഞ്ഞിട്ടുള്ളത്‌? എന്നാൽ നിർബന്ധമായും ഖുർ-ആനിൽ അതിനുള്ള ശിക്ഷ എന്തെന്ന് പറയേണ്ടിയിരുന്നില്ലേ?

  2-ഒരു ജനത ആ പാപം ചെയ്തപ്പോൾ അല്ലാഹു അവരെ ശിക്ഷിച്ചു. ഒരു വ്യക്തിയോ ഏതാനും വ്യക്തികളോ ആ പാപം ചെയ്താൽ അവരെ എന്തു ചെയ്യണം? വ്യക്തികൾ കുറ്റം ചെയ്താൽ അവർക്ക്‌ ശരീ-അത്തിൽ ശിക്ഷവേണമല്ലോ.ഖുർ-ആനിൽ പറഞ്ഞ കഠിനപാപം സ്വാഭാവിക സ്വവർഗ്ഗരതിതന്നെയാണെങ്കിൽ അതിന്‌ മുഹമ്മദ്‌ നബിയുടെ ശരീ-അത്തിൽ ശിക്ഷ എന്തെന്ന് ഖുർ-ആൻ ഖണ്ഡിതമായിപ്പറയുമായിരിന്നില്ലേ?

  3-ഖുർ-ആൻ തമാശക്കല്ല ലൂത്ത്‌ നബിയുടെ കഥ പറയുന്നത്‌ എന്നത്ശരി.വലിയ പാപമാണെങ്കിൽ സ്വാഭാവിക സ്വവർഗ്ഗരതിക്ക്‌ ശിക്ഷവിധിക്കാതിരിക്കുന്നതിനു പിന്നിലെ തമാശ എന്താണ്‌?
  അതെ.
  ഖുർ-ആൻ ചിലത്‌ പറയുന്നതും ചിലത്‌ പറയാതിരിക്കുന്നതും തമാശക്കല്ല.കാരണം 'ചിന്തിക്കുന്ന ജനതക്ക്‌ ഇതിൽ ദ്ര്ഷ്ടാന്തമുണ്ട്‌" എന്നാണല്ലോ ഖുർ-ആന്റെ ഓർമ്മപ്പെടുത്തൽ.അത്‌ മാത്രം ഓർക്കുക.

  4-മുസ്ലിംകൾക്കിടയിൽ പൊതുവേ കൂടുതലുണ്ടെന്ന് കേൾക്കുന്നു എന്ന് ഞാൻ പറഞ്ഞത്‌ സ്വാഭാവികസ്വവർഗ്ഗരതിയല്ല.കുണ്ടൻ പണി എന്നറിയപ്പെടുന്ന ബാലരതിയാണ്‌.കഴിഞ്ഞ പോസ്റ്റിലെ പ്രതികരണങ്ങൾക്കുള്ള എന്റെ മറുപടികൾ വായിക്കുമല്ലോ.

  ഞാൻ പറയുന്ന ഓരോ കാര്യങ്ങളും വ്യവച്ഛേദിച്ച്‌ മനസ്സിലാക്കാൻ ശ്രമിക്കണമെന്നും ഈ ചർച്ച അർത്ഥവത്താക്കണമെന്നും വിനീതമായ അഭ്യർത്ഥന.

  ReplyDelete
 7. സര്‍വ്വശക്തനായ സ്രഷ്ടാവിന് സൃഷ്ടി നടത്തുമ്പോള്‍ പറ്റിയ “കൈപ്പിഴ”യുടെ victims ആണ് ഹിജഡകളും സ്വവര്‍ഗ്ഗാനുരാഗികളും. അവരെ അവരുടെ പ്രകൃതമനുസരിച്ചു ജീവിക്കാന്‍ അനുവദിക്കുന്നതാണു മനുഷ്യത്വം!

  ReplyDelete
 8. ദൈവം സർവ്വശക്തൻ തന്നെയാണ്‌.അവനിച്ഛിച്ചിരുന്നുവെങ്കിൽ മനുഷ്യരെ ഒറ്റ സമുദായമാക്കുമായിരുന്നു.വൈവിധ്യങ്ങളോടെ സൃഷ്ടിച്ചത്‌ പരീക്ഷണമാകാം.ബുദ്ധിയുള്ളവർക്ക്‌ ദ്ര്ഷ്ടാന്തമായിട്ടാകാം.
  പരസ്പരം തിരിച്ചറിയുന്നതിനും ദൈവത്തിന്റെ സൃഷ്ടിപ്പിലെ അത്ഭുതങ്ങളും വൈവിധ്യങ്ങളും കണ്ടെത്താനും അവയോട്‌ ഏറ്റവും ബുദ്ധിയോടെയും കരുണയോടെയും പെരുമാറുന്നതാരാണെന്ന് പരീക്ഷിക്കാനും ആകാം.മനുഷ്യരിൽ ചിലർ ചിലർക്ക്‌ പരീക്ഷണമാണെന്ന് ഖുർ-ആൻ(6:53).ഖുർ-ആനെ ദൈവം തന്ന ബുദ്ധിയോടും ഉൾക്കാഴ്ചയോടും കൂടി വായിക്കണം.പരമ്പരാഗത വായനകളെ മറികടക്കണം.
  മുൻ വിധിയോടെ ഖുർ-ആനെ വായിക്കാൻ ശ്രമിക്കരുത്‌ മാഷേ.

  ReplyDelete
 9. 1.2- എല്ലാറ്റിന്നും ശിക്ഷ ഇവിടെനിന്നു തന്നെ എന്നു കരുതരുത്- അതാണ് വിധിയുടെ ദിവസത്തിന്നു കാത്തിരിക്കുന്നത്- വ്യ്ഭിചാരത്തിന്റെ അതേ ശിക്ഷഖ എന്നാണ് എനിക്കു മനസ്സിലായിട്ടുള്ളത്- പക്ഷെ ഉറപ്പിച്ചു പറയുന്നില്ല.

  ഖുര്‍‌ആന്‍ മ്ലേച്ചം എന്നാണ് സ്വവര്‍ഗ്ഗരതിയെ വിശേഷിപ്പിച്ചിട്ടുള്ളത്.

  3.ഖുര്‍‌ആനില്‍ ഒരു സമൂഹത്തെ ഒരു പാപത്തിന്റെ പേരില്‍ ശിക്ഷിച്ചു എന്നു പറഞ്ഞാല്‍ അതിന്നര്‍ത്ഥം അത് വന്‍പാപം എന്നാണ്. ഖുര്‍‌ആനിനെ സ്വയം വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതിന്റെ തകരാറാണിത്-
  ഈ ഖുര്‍‌ആന്‍ കൊണ്ട് തന്നെ ചിലരെ വഴിപിഴപ്പിക്കുകയും ചെയ്യും എന്നും കൂട്ടി വായിക്കുക.
  4.കുണ്ടന്‍ പണിയും സ്വവര്‍ഗ്ഗരതിയില്‍ തന്നെയാണ് വരുന്നത് സുഹൃത്തെ. എങ്കില്‍ ബാലസ്വവര്‍ഗ്ഗരതിയെന്ന് വിളിച്ചോളൂ.

  ഖുര്‍‌ആനിനെ ഖുര്‍‌ആനിന്റെ രീതിയില്‍ തന്നെ വായിക്കണം- അല്ലെങ്കില്‍ ഓരൊരുത്തര്‍ക്കും ആവശ്യമായ പഴുതുകള്‍ ലഭിക്കുക തന്നെ ചെയ്യും.മറികടക്കുവാനുള്ളതല്ല. അനുസരണമാണ് ഖുര്‍‌ആന്‍ ആവശ്യപ്പെടുന്നത്.

  ReplyDelete
 10. കൌമാരക്കാരെ ജെയിലില്‍ ഭേദ്യം ചെയ്യാന്‍ ബലാല്‍ക്കാരമായി സ്വവര്‍ഗ്ഗരതി നടത്താമെന്ന്‌ ഇറാനിലെ മതമേതാവി ഖൊമെയ്നി വിശദീകരിക്കുന്ന ഒരു വീഡിയോ ഉണ്ടായിരുന്നു യുട്യൂബില്‍.. (ഓഫീസിലില്‍ വെച്ചു ഇപ്പോള്‍ തപ്പി എടുക്കാന്‍ നിവര്‍ത്തിയില്ല.)

  ഓ, ഇനി അങ്ങേരു ഷിയ ആണെന്നു പറയുമല്ലോ :)

  ReplyDelete
 11. sandehi, ആദ്യമായിട്ടാണ് ഇവിടെ,
  ഷോര്‍ട്ട് ആയി പറയാം :
  സ്വവര്‍ഗ്ഗ രതി ഒരു മാനസിക വൈകല്യമാണ്, അത് സാമൂഹിക അവസ്ഥ സൃഷ്ടിക്കുന്നതാണ്. ട്രീറ്റ് ചെയ്തു മാറ്റേണ്ട ഒന്നാണ്.
  അതിനോട് സമൂഹം സമരസപെടുകയല്ല വേണ്ടത്. ഒരു സമൂഹം അതായി പരിനമിക്കുകയാനെങ്കില്‍ അവരെ ശിക്ഷ പിടികൂടുമെന്നത്, പ്രകൃതിക്ക് ഇടപെടെണ്ടിവരുമെന്നത് ആണ് കുര്‍ആന്‍ (ലൂത്ത് സംഭവം !) ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ! (ഇവിടെ ശിക്ഷ സമൂഹത്തിനാണ്)
  വ്യഭിജാരം: രണ്ടു പേരുടെ പരിധി ലംഗിച്ചു കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തി, രോഗമല്ല, പരിധി ലംഘിക്കുക എന്നതാണ് അത്. അത് പരസ്യമായി (നാല് സാക്ഷികള്‍) കാണുന്ന വിധം ചെയ്തു എന്നാല്‍ ശിക്ഷ വിധിക്കാം.
  ചില രാജ്യങ്ങളില്‍ ഫിലിപ്പൈന്‍ പോലുള്ള സ്ഥലങ്ങളില്‍ ആളുകള്‍ ഹിജടകലായി ധാരാളം കാണുന്നു. അവിടെ ഒപ്പെന്‍ സെക്സ്,ഇലിസിറ്റ് ഇന്റര്‍കോഴ്സ് സാദാരണമാന്. കാരണം വ്യക്തമാണ്. ഇസ്ലാമില്‍ നിശ്ചയിച്ച ഹരാമുകള്‍ അവിടെ ഇല്ലാത്തത് ആണ് കാരണമെന്ന് മുസ്ലിം പ്രദേശങ്ങളെ, അവിടത്തെ ഈ വിഭാഗത്തിന്റെ അഭാവം ശ്രദ്ധിച്ചാല്‍ കാണാവുന്നതാണ് (observetion).

  ReplyDelete
 12. ഞാന്‍ ഈ വൈകല്യത്തിന് അടിമയാണ്. വൈകല്യം എന്ന് തന്നെയേ എനിക്ക് പറയാന്‍ കഴിയൂ. അടിമ എന്ന് പറഞ്ഞാല്‍ ഈ താല്പര്യം എനിക്കുണ്ട് എന്നര്‍ത്ഥം, അല്ലാതെ തേടിപ്പിടിച്ചു ചെയ്യുന്ന വൃത്തി കേട്ട സ്വഭാവം ഇല്ല . ഈ ചിന്ടകളില്‍ നിന്നും, താല്‍പര്യത്തില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് മൂലം ഏറെ മാനസിക വിഷമം അനുഭവിക്കുകയും ചെയ്യുന്നു . പരിഹാരം ആര്കെങ്കിലും അറിയുമെങ്കില്‍ അറിയിക്കുക

  ReplyDelete