Friday 21 August 2009

സ്വവർഗ്ഗരതി കുറ്റമാണോ ഇസ്ലാമിൽ?

'സ്വവർഗ്ഗരതിയും ഇസ്ലാമും' എന്ന എന്റെ കഴിഞ്ഞ പോസ്റ്റിലെ അന്വേഷണത്തോടുള്ള പ്രതികരണം ശുഷ്കമായിപ്പോയി. എന്റെ അൽപത്തത്തോട്‌ പ്രതികരിക്കേണ്ട എന്നു കരുതിയാകാം പലരും പ്രതിക്കാതിരുന്നത്‌.അല്ലെങ്കിൽ ഈ വിഷയത്തിൽ മനസ്‌ തുറന്നു അഭിപ്രായം പറയാനുള്ള ഭയമോ സങ്കോചമോ ആവാം.ബ്ലോഗുകളുടെ ആധിക്യം കാരണമോ മറ്റോ ഇത്‌ കൂടുതൽപേർ വായിക്കപ്പേടാതെ പോയതും കാരണമാവാം.
'ചർച്ചക്കൊന്നും ഞങ്ങളില്ല, ഞങ്ങൾക്കു ചില ഉറച്ച അഭിപ്രായങ്ങൾ ഉണ്ട്‌, ഞങ്ങളുടെ പണ്ഠിതന്മാർ ഈ വിഷയത്തിൽ എഴുതിയത്‌ വായിക്കൂ, അതിൽ എല്ലാം ഉണ്ടാകും'.ഇത്തരം സമീപനങ്ങൾ ഉള്ളവരും ഇല്ലാതിരിക്കില്ല.

ഏതായാലും ഈവിഷയത്തിൽ ചിലകാര്യങ്ങൾ കൂടി എഴുതി വായനക്കാരുടെ ദീർ ഘകാല വിചിന്തനത്തിനായി ഈ വിഷയം വിടുന്നു.

പ്രബോധനം വാരിക,സ്നേഹസംവാദം(http://www.nicheoftruth.org/samvadam/pdf/download.asp?file=InetEdn_Aug2009.pdf) എന്നിവയിലെ ഈ വിഷയത്തിലുള്ള ലേഖനങ്ങൾ വായിച്ചപ്പോൾ തോന്നിയ വിചാരങ്ങൾ കുറിക്കട്ടെ.പ്രതികരിക്കുമ്പോൾ കഴിഞ്ഞ പോസ്റ്റ്‌ കൂടി വായിച്ച്‌ പ്രതികരിക്കണമെന്ന് അപേക്ഷിക്കുന്നു.

1-സ്വവർഗ്ഗരതിയെ പ്രകൃതിവിരുദ്ധവും സദാചാരവിരുദ്ധവും മനോവൈകല്യവും ഒക്കെയായി പാടെ തള്ളിക്കളയുന്ന സമീപനമാണ്‌ ഈ ലേഖനങ്ങളിൽ കാണാൻ കഴിഞ്ഞത്‌. ഏകപക്ഷീയമായ ശാസ്ത്രവാദങ്ങളും ഉദ്ധരണികളും യുക്തികളും കൊണ്ട്‌ സമർത്ഥിക്കുന്നു ഇവയിൽ.

2-ചില സ്വവർഗ്ഗരതി പക്ഷവാദികളുടെ ലളിതവത്കൃതമായ വാദങ്ങളെ ഉയർത്തിക്കാട്ടി സ്വവർഗ്ഗാതിക്കാരുടെ വാദങ്ങളെ മൊത്തത്തിൽ അപഹസിക്കുന്ന സമീപനവും കാണാൻ കഴിഞ്ഞു.ഉദാഹരണം, എൻ എം ഹുസൈന്റെ പ്രബോധനം ലേഖനം.(സ്വവർഗ്ഗരതിയും മേനകാഗാന്ധിയും പിന്നെ മാത്രുഭൂമിയും09ആഗസ്റ്റ്‌22).മേനക ഗാന്ധിയുടെ ലേഖനവും ഈ വിഷയത്തെക്കുറിച്ചല്ലാത്ത മത്രുഭൂമി ആഴ്ചപ്പതിപ്പിലെ 'മാതൃത്വം ഒരുസങ്കൽപമാണ്‌' എന്ന ലേഖനവും അദ്ദേഹം കണ്ടു. മറുപടി എഴുതാൻ സൗകര്യമായതിനാലാവാം അവക്ക്‌ മറുപടി എഴുതുകയും ചെയ്തു. എന്നാൽ ഞാൻ ഈ പോസ്റ്റിൽ ഉദ്ധരിച്ച കിഷോർ കുമാറിന്റെ ലേഖനത്തെ കുറിച്ച്‌ ഒരു പരാമർശ്ശം പോലും അദ്ദേഹം നടത്തിക്കണ്ടില്ല.വായിക്കാത്തതിനാലാവാം എന്നു കരുതാം.

3-സ്വവർഗ്ഗരതി പ്രകൃതി വിരുദ്ധമല്ല എന്നു വ്യക്തമാക്കാൻ വളരെ ന്യൂനപക്ഷം വരുന്ന ചില ജന്തുക്കളിൽ സ്വവർഗ്ഗ രതി കണ്ടുവരുന്നുണ്ട്‌ എന്ന് പറയാറുണ്ട്‌.എന്നാൽ ഇതു മാത്രമല്ല പറയാറുള്ളത്‌.പ്രകൃതിയിൽ ഒരു ന്യൂനപക്ഷം ജന്തുക്കളിലുള്ളതുപോലെ എതിർവ്വർഗ്ഗലൈംഗികരായ ഉയർന്നതരം ജീവികളിലും ജന്മനാ ഒരു ന്യൂനപക്ഷത്തിൽ സ്വവർഗ്ഗലൈംഗികത കണ്ടുവരുന്നുണ്ട്‌.അതിനു ജീവശാസ്ത്രപരവും ജനിതകവുമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു.ഇത്തരം ശാസ്ത്രീയവെളിപ്പെടുത്തലുകളിൽ ആകപ്പാടെ സംശയവും ഗൂഢോദ്ദേശങ്ങളും കാണുകയാണ്‌ ഈ ലേഖനങ്ങൾ ചെയ്യുന്നത്‌.

4-ജീവികളിലെ എല്ലാ സ്വഭാവചെയ്തികളും മനുഷ്യപ്രകൃതമാവുമോ എന്നാണ്‌ മറ്റൊരു ചോദ്യം.മനുഷ്യൻ ജീവശസ്ത്രപരമായി സസ്യഭുക്കാണെന്ന് പാറയപ്പെടുന്നു.അപ്പോൾ പ്രകൃതമനുസരിച്ച്‌ മാംസം കഴിക്കാൻ പാടുണ്ടോ?ഇവിടെ പ്രകൃതിയിൽ ഓരോ ജീവികൾക്കും ഓരോ പ്രകൃതമുണ്ടെന്നും അവക്ക്‌ പരിണാമം സംഭവിക്കാമെന്നും കരുതാം.ചില സ്വഭാവങ്ങൾ പൂർണ്ണമായി മാറാതെ ചെറിയതോതിൽ അതിജീവിക്കുന്നുണ്ടാവാം.അങ്ങനെ അതിജീവിച്ചതായിക്കൂടെ കുറച്ചാളുകളിൽ കാണുന്ന സ്വവർഗ്ഗരതി?

5-അമേരിക്കയിലും മറ്റും സ്വവർഗ്ഗരതിയെ അംഗീകരിക്കുന്ന ക്രൈസ്തവസഭകൾ ഉണ്ട്‌.സ്വവർഗ്ഗരതിക്കാരായ പുരോഹിതന്മാർക്കും അംഗീകാരം ഉണ്ട്‌. ബൈബിൾ ഖുർ-ആനെപ്പോലെ തന്നെ സ്വവർഗ്ഗ രതിയെ അംഗീകരിക്കുന്നില്ലെന്ന് പ്രബോധനം ലേഖനത്തിൽ പറയുന്നു. എന്നിട്ടും എന്തുകൊണ്ട്‌ സഭകൾക്ക്‌ ഇത്‌ അംഗീകരിക്കേണ്ടിവരൂന്നു. സ്വവർഗ്ഗരതിക്ക്‌ ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് സ്ഥാപിക്കാൻ സഭകൾക്ക്‌ ശാസ്ത്രജ്ഞന്മാരെ കിട്ടാഞ്ഞിട്ടാണോ? ശാസ്ത്രീയ അടിസ്ഥാന്നമില്ലെകിൽ ഇവർ ഇതിനു അംഗീകാരം നൽകുമോ?

6-നബിയോ ഖുർ-ആനോ സ്വവർഗ്ഗരതിയെ വ്യഭിചാരത്തിന്റെ കൂട്ടത്തിൽ ഉൾപെടിത്തിയിട്ടില്ല.മദ്‌ഹബുകൾ അതിനെ വ്യഭിചാരമായി കണക്കാക്കിയിട്ടുണ്ട്‌ എന്നതിനാൽ അത്‌ വ്യഭിചാരം തന്നെയാണ്‌ എന്നാണ്‌ പ്രബോധനം ലേഖനം പറയുന്നത്‌.സ്വവർഗ്ഗരതിയെക്കുറിച്ച്‌ ഖുർ-ആനിൽ പരാമർശ്ശം ഉണ്ടായിട്ടും എന്തുകൊണ്ട്‌ ഖുർ-ആനും മുഹമ്മദ്‌ നബിയും ഇക്കാര്യത്തിൽ ഒരു അന്തിമവിധിനൽകിയില്ല?എന്റെ പോസ്റ്റിൽ ലൂത്ത്‌ നബിയുടെ കാലത്തെ സ്വവർഗ്ഗരതിയെക്കുറിച്ചു പറഞ്ഞ അനുമാനങ്ങൾ ഒന്നു കൂടി വായിക്കുക.

7-എല്ലാ ജീവജാലങ്ങളെയും ഇണകളായി സൃഷ്ടിച്ചു എന്ന്‌ ഖുർ-ആൻ(42:11,36:36,51:49,13:3,26:7,43:12).പ്രകൃതിയിൽ കുറച്ചു ജീവികൾ ഏകലിംഗരോ അലൈംഗികരോ ആണെന്ന് ശാസ്ത്രം പറയുന്നു. അങ്ങനെയെങ്കിൽ ഖുർ-ആന്റെ പരാമർശ്ശം സത്യവിരുദ്ധമാവില്ലേ? ഇല്ലെന്നു ഞാൻ ഉറപ്പിച്ചു പറയും .കാരണം ഇണ എന്നാൽ സ്ത്രീയും പുരുഷനും എന്ന പരമ്പരാഗതധാരണയാവണമെന്നില്ലല്ലോ.

8-ഇന്നല്ലെങ്കിൽ നാളെ സ്വവർഗ്ഗരതിയെ അംഗീകരിക്കുന്ന നിർബന്ധിതാവസ്ഥയിലേ ഇസ്ലാമും മുസ്ലിംകളും എത്തേണ്ടിവന്നേക്കാം.അന്നു ഞാൻ പറയുന്ന ന്യായങ്ങൾ തന്നെയാകുമോ ഇസ്ലാമിക പണ്ഠിതർ പറയുക എന്നൂന്നും പറയാൻ പറ്റില്ല. എന്റേത്‌ ഒരു സാധാരണക്കാരന്റെ അഭിപ്രായം മാത്രം.

9-ബഹുസ്വരതയെക്കുറിച്ചും മഴവിൽ ഇസ്ലാമിനെക്കുറിച്ചും ഉള്ള ചർച്ചയിൽ സ്വവർഗ്ഗരതിക്കാരെക്കുറിച്ച്‌ ഒരു പുനർവ്വിചിന്തനത്തിന്‌ ഇടം നൽകിക്കൂടേ?

10-പാശ്ചാത്യരാജ്യങ്ങളിൽ കുടുംബ വ്യവസ്ഥ തിരിച്ചു വരണമെന്ന് പുതിയ തലമുറ ആഗ്രഹിക്കൂന്നു എന്നും സ്വവർഗ്ഗ ലൈംഗികതയൊക്കെ നിരീശ്വരവാദികളായ ശാസ്ത്രജ്ഞന്മാരുടെ കുബുദ്ധിയാണെന്നും വിമർശ്ശം.പാശ്ചാത്യരാജ്യങ്ങളിൽ തന്നെയല്ലേ പൊതുസമൂഹവും നിയമവും അവർക്കനുകൂലമായിക്കൊണ്ടിരിക്കുന്നത്‌.സ്വവർഗ്ഗ വിവാഹത്തിലൂടെ സ്വവർഗ്ഗകുടുംബം സൃഷ്ടിക്കപ്പേടുന്നുണ്ടല്ലോ.അപ്പോൾ കുടുംബവ്യവസ്ഥക്ക്‌ ഇത്‌ എതിരാകുന്നത്‌ എങ്ങനെയാണ്‌?

11-സ്വവർഗ്ഗ ലൈഗികത തീർത്തും അടിസ്ഥാനരഹിതമാണെന്ന് നിശ്ശംശയം ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ ഞാനീ പറയുന്നതിനൊന്നും പ്രസക്തിയുണ്ടാവില്ല.മറിച്ചാണെങ്കിൽ പുനർ വിചിന്തനം നടത്തിയേ തീരൂ.

ഖുർ-ആന്റെ പരിമിതിയാണോ അവയെ വ്യാഖ്യാനിക്കുന്ന മനുഷ്യന്റെ പരിമിതിയാണോ ഇത്തരം സന്ദർഭങ്ങളിൽ നാം അഭിമുഖീകരിക്കുന്ന പ്രശ്നം?

Thursday 13 August 2009

സ്വവർഗ്ഗരതിയും ഇസ്ലാമും.

അൽപജ്ഞാനിയായ ഒരാളുടെ വിവരക്കേടാവാം ഇത്‌.എങ്കിലും ഉള്ള അറിവു വെച്ച്‌ ചിന്തിച്ചപ്പോൾ തോന്നിയ സംശയങ്ങളും വിചാരങ്ങളും ഇവിടെ കുറിക്കുന്നു.വായനക്കാർ ആരോഗ്യകരമായ ഒരു ചർച്ചയാക്കി ഇതിനെ മാറ്റുമെന്ന് പ്രതീക്ഷിക്കട്ടെ.

ഇസ്ലാമിലെ വ്യഭിചാരക്കുറ്റത്തിൽ സ്വവർഗ്ഗരതിയും ഉൾപ്പെടുന്നുണ്ടോ? ഖുർ-ആനിലും ഹദീസിലും വ്യഭിചാരക്കുറ്റത്തിനു നൽകുന്ന ശിക്ഷതന്നെയാണോ സ്വവർഗ്ഗ രതിക്കും നിശ്ചയിച്ചിട്ടുള്ളത്‌?

അല്ല എന്നുള്ള ധാരണയാണു ഈയുള്ളവനുള്ളത്‌.അന്യസ്ത്രീ പുരുഷന്മാർ തമ്മിലുള്ള വ്യഭിചാരത്തിന്റെ അത്രയൊന്നും പാപകാഠിന്യം ഇസ്ലാമിൽ സ്വവർഗ്ഗരതിക്കില്ല എന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്‌.സ്വവർഗ്ഗ രതിക്ക്‌ ഖുർ-ആൻ വിധിച്ച ശിക്ഷ എന്താണെന്നും അറിയില്ല.ഈ കാര്യത്തിലുള്ള ശരീ-അത്ത്‌ വിധി എന്താണെന്ന് അറിഞ്ഞാൽ നന്നായിരുന്നു.

ഖുർ-ആനിൽ സ്വവർഗ്ഗരതിക്കെതിരെ ശക്തമായ പരാമർശ്ശങ്ങൾ ഉണ്ടെന്നതു നേരാണ്‌.ലൂത്ത്‌ നബിയെയും അദ്ദേഹത്തിന്റെ ജനതയേയും വിവരിക്കുന്നിടത്താണു ഇതു കാണുന്നത്‌.ഇത്‌ മഹാ അപരാധമായിട്ടു തന്നെയാണു അവിടെ അധിക്ഷേപിക്കപ്പെട്ടിരിക്കുന്നത്‌.എന്നാൽ മുഹമ്മദ്‌ നബിയുടെ ശരീ-അത്തിൽ സ്വവർഗ്ഗ വ്യഭിചാരത്തിനു എന്തു ശിക്ഷ നൽകണമെന്നത്‌ ഖുർ-ആനിൽ കാണുന്നില്ല.

ഏതായാലും ഇസ്ലാം മതവിശ്വാസികൾ സ്ത്രീ-പുരുഷ വ്യഭിചാരത്തിന്റെ അത്രയൊന്നും പാപമായി സ്വവർഗ്ഗരതിയെ കാണുന്നില്ലെന്നത്‌ ഒരു സത്യമാണ്‌.ചെറുപ്പത്തിൽ മദ്രസക്കുള്ളിലും പള്ളികൾക്കുള്ളിലും വെച്ച്‌ ഉസ്താതുമാരുടെ നിർബന്ധിത സ്വവർഗ്ഗരതിക്കു വിധേയമായിട്ടുള്ള ഒരാളാണു ഞാൻ.അന്നും ഇന്നും എനിക്കു സ്വവർഗ്ഗ സംഭോഗത്തോട്‌ വെറുപ്പാണ്‌.എന്നിരുന്നാലും സ്വവർഗ്ഗരതിക്കാരെക്കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞപ്പോൾ എനിക്കിഷ്ടമല്ലെങ്കിലും ഈ വിഷയത്തിൽ തുറന്ന സമീപനം ഉണ്ടാവേണ്ടതാണെന്ന് പിന്നീട്‌ തോന്നി.അതിനാൽ എന്റെ സംശയങ്ങൾ ഇവിടെ കുറിക്കട്ടെ.നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു.

അന്യസ്ത്രീപുരുഷന്മാർ തമ്മിലുള്ള വ്യഭിചാരക്കുറ്റത്തിനു തുല്യമായി സ്വവർഗ്ഗ വ്യഭിചാരത്തെ ഇസ്ലാം കണക്കാക്കുന്നില്ല എന്നതു കൊണ്ടു തന്നെയാവണം മുസ്ലിംകൾക്കിടയിൽ ഈ പ്രവണത കൂടുതലുണ്ടെന്ന് പൊതുവേ പറയപ്പെടുന്നത്‌.വസ്തുതാപരമായി ഇതെത്രമാത്രം ശരിയാണെന്നു ആധികാരികമായി അറിവുള്ളവർ പറയട്ടെ.

ലൈംഗികന്യൂനപക്ഷത്തിന്റെ വാദങ്ങൾ

സ്വവർഗ്ഗരതിയെ അനുകൂലിക്കുന്നവരുടെ വാദങ്ങൾക്കെതിരെ സാധ്യമാകുന്ന യുക്തികളും വ്യാഖ്യാനങ്ങളും നിരത്തിവെക്കുന്നതിനു പകരം ഇക്കാര്യത്തിൽ ഒരു സംവാദത്തിനും മതപരമായ പുനർവ്വ്യാഖ്യാനത്തിനും വല്ല സാധ്യതയുമുണ്ടോ എന്നന്വേഷിക്കുകയല്ലേ വേണ്ടത്‌? സ്വവർഗ്ഗരതിക്കു കാരണമായി പറയുന്ന ജീവശാസ്ത്രപരവും ജനിതകപരവും മനശ്ശാസ്ത്രപരവും സാമൂഹ്യ ശാസ്ത്രപരവുമായ ഘടകങ്ങളെ എതിർശ്ശാസ്ത്രവാദം കൊണ്ട്‌ കണ്ണടച്ചു നിഷേധിക്കുന്നത്‌ ശരിയാണോ?

അവരുടെ വാദങ്ങൾക്ക്‌ ഒന്ന് മനസ്സു കൊടുക്കുക.ഇതാ ചുരുക്കത്തിൽ.

1-പ്രകൃതി വിരുദ്ധമല്ല.

സന്താനോൽപാദനമാണ്‌ മനുഷ്യരിലെ എതിർവ്വർഗ്ഗലൈംഗികതയെ പ്രകൃതിജന്യവും സ്വാഭാവികവുമായ ലൈംഗികതയായി കാണുന്നവരുടെ ഒരു ന്യായം.എന്നാൽ മനുഷ്യന്റെ ലൈംഗികതയുടെ ലക്ഷ്യം സന്താനോത്പാദനം മാത്രമാണോ?ആണെങ്കിൽ ഇക്കാലത്ത്‌ ദമ്പതിമാർ ജീവിതത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ലൈംഗിക വേഴ്ചയിൽ ഏർപ്പെടാൻ പാടുള്ളൂ.

എതിർ വർഗ്ഗലൈംഗികരായ ജന്തുക്കളിലും മനുഷ്യരിലെപോലെ ചെറിയൊരു ശതമാനം സ്വവർഗ്ഗലൈംഗികത കണ്ടുവരുന്നുണ്ട്‌.ഉഭയ ലൈംഗികതയും പ്രകൃതിൽ ഉണ്ട്‌.

2-സ്വവർഗ്ഗരതിക്കാർ തങ്ങളുടെ ലൈംഗികാഭിലാഷങ്ങൾ ബാല്യദശയുടെ രണ്ടാം പകുതിയിലോ കൗമാരത്തിലോ തന്നെ സ്വയം തിരിച്ചറിയുന്നു.എതിർലിംഗപ്രണയം പോലെ മനസ്സിലാണു ആദ്യം സ്വവർഗ്ഗപ്രണയവും അംഗുരിക്കുന്നത്‌.ലൈംഗികാർഷണം ഏതുതരത്തിലൂള്ളതാണെന്ന് മസ്തിഷ്കത്തിൽ ജന്മനാ തന്നെ ലിഖിതം ചെയ്യപ്പെട്ടിരിക്കുന്നു.

3-സ്വവർഗ്ഗലൈംഗികത പരിസ്ഥിതികളാൽ ഉടലെടുക്കുന്നതല്ല.അങ്ങനെയെങ്കിൽ ശക്തമായ ആൺ പെൺ വേർ തിരിവുകളുള്ള ഇന്ത്യയെ പോലുള്ള സമൂഹങ്ങളിലല്ലേ അത്‌ കൂടുതൽ ഉണ്ടാകേണ്ടത്‌?

4-ഒരു സ്വതന്ത്ര സമൂഹത്തിൽ 3%മുതൽ 4% വരെ ആൾക്കാർ പൂർണ്ണമായും സ്വവർഗ്ഗത്തോട്‌ മാത്രം ആകർഷണം തോന്നുന്നവരായിരിക്കുമെന്ന് സ്ഥിതിവിവരണക്കണക്കുകൾ പറയുന്നു.

5-3% വരുന്ന മറ്റൊരു ന്യൂനപക്ഷം ഇരു വർഗ്ഗങ്ങളോടും ആകർഷണം തോന്നുന്നവരാണ്‌.

6-1% പേർ യാതൊരു വിധ ലൈംഗിക ചോദനകളുമില്ലാത്ത നിർലൈംഗികരാണ്‌.

7-ഇടം കയ്യന്മാരെപ്പോലെ ഒരു മാനസിക വൈവിധ്യം മാത്രമാണു സ്വവർഗ്ഗ ലൈംഗികതയെന്നു ശാസ്ത്രജ്ഞന്മാർ.

8-ആൺസ്വവർഗ്ഗാനുയായികളുടെ മസ്തിഷ്കത്തിലെ ലൈംഗികവികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങൾ സ്ത്രീകളുടെ മസ്തിഷ്കത്തിലേതിനോട്‌ സമാനത പുലർത്തുന്നതായി പഠനങ്ങൾ പറയുന്നു.

9-ഗർഭാശയത്തിലെ രാസസംതുലിതാവസ്ഥയിലുള്ള വ്യതിയാനങ്ങൾ ഗർഭസ്ഥശിശുവിന്റെ ലൈംഗികതയുടെ ദിശ നിർണ്ണയിക്കാമെന്നും പഠനങ്ങൾ പറയുന്നു.

10-സ്വവർഗ്ഗപ്രണയികളുടെ കൗമാരകാലം കൂടുതൽ സംഘർഷഭരിതമാണ്‌.തങ്ങളെപ്പോലെ ലോകത്തിൽ മറ്റാരുമില്ല എന്ന കഠിനമായ അന്യതാബോധത്തോടെയാണ്‌ അവർ വളരുന്നത്‌.

11-സ്വവർഗ്ഗലൈംഗികത കാരണം വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വിരളമല്ല.

12-സാമൂഹികസന്ദർഭങ്ങളോടുള്ള അതിയായ ആകാംക്ഷ,ആത്മവിശ്വാസക്കുറവ്‌,കഠിനമായ ലജ്ജ,ഭയം, മാനസിക സംഘർഷം,വിഷാദം എന്നിവയൊക്കെ കൗമാരഘട്ടത്തിലുള്ള സ്വവർഗ്ഗപ്രണയികൾ അനുഭവിക്കുന്നു.ഈ മാനസിക പ്രശ്നങ്ങളുടെ ഉറവിടം സ്വവർഗ്ഗ ലൈംഗികതയാണെന്ന് അവർ തിരിച്ചറിയുന്നില്ല.

13-ഇന്ത്യയിലെ ചെറുപ്പക്കാരുടെ വിഷാദ രോഗത്തിന്റെയും ആത്മഹത്യയുടെയും മൂലകാരണം തലനാരിഴകീറി പരിശോധിച്ചാൽ അതിൽ നല്ലൊരുഭാഗം അടിച്ചമർത്തപ്പെട്ടതോ പൊരുത്തപ്പെടാനാവാത്തതോ തുറന്നുപറയാനാവാത്തതോ അവിചാരിതമായി പുറത്തറിഞ്ഞു പോയതോ ആയ സ്വവർഗ്ഗലൈംഗികതയാണെന്നു കാണാം.സ്വവർഗ്ഗലൈംഗികതയെ കുറ്റവത്കരിക്കുന്ന ഭരണകൂട നയങ്ങൾ ആണ്‌ ഇതിന്‌ പ്രധാന ഉത്തരവാദി.

14-സ്വവർഗ്ഗലൈംഗികത എന്നത്‌ സ്വയം വരുത്തിവെക്കുന്ന ഒന്നല്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്‌ അത്‌ മാറിക്കിട്ടാനായി മനോരോഗ വിദഗ്ധനെ സ്വമനസാ സമീപിക്കുന്ന സ്വവർഗ്ഗപ്രണയികൾ.എന്നാൽ ഇതൊരു രോഗമല്ലാത്തതിനാൽ ചികിത്സിച്ചു മാറ്റാൻ കഴിയില്ല.

15-മാധ്യമങ്ങളിൽ സ്വവർഗ്ഗപ്രണയികളെ കോമാളികളും ആഭാസന്മാരുമായി മാത്രം പ്രതിനിധാനം ചെയ്യുന്നതിനെതിരെ മനുഷ്യത്വമുള്ള എല്ലാ ജനങ്ങളും ശബ്ദമുയർത്തേണ്ടതാണ്‌.

16-സ്വവർഗ്ഗലൈംഗികത,അപരലിംഗത്വം ഇവരണ്ടും ഒന്നല്ല.

17-തങ്ങളുടെ ശാരീരികമായ ലിംഗവും മാനസികമായ ലിംഗവും തമ്മിൽ വ്യത്യാസം അനുഭവപ്പെടുന്നവരാണ്‌ അപരലിംഗർ.പുരുഷജനനേന്ദ്രിയത്തോടെ പിറന്നവരാണെങ്കിലും മനസാ താനൊരു സ്ത്രീയാണെന്നു ഇവർ ചെറുപ്പകാലത്തുതന്നെ തിരിച്ചറിയുന്നു.എപ്പോഴും സ്ത്രീകളുടെ വേഷം ധരിക്കാനും ഭാവഹാവാദികൾ പ്രകടിപിക്കാനും ഇവർ അതിയായി ആഗ്രഹിക്കുന്നു.തിരിച്ചായാലും അവർ അപരലിംഗർത്തന്നെ.മനസ്സിനെ മാറ്റിസ്ഥാപിക്കാൻ ഒരു വൈദ്യശസ്ത്രത്തിനും ഒരിക്കലും കഴിയില്ലല്ലോ.ആകെ കഴിയുന്നത്‌ ഹോർമ്മോൺ ചികിത്സയും ലിംഗമാറ്റ ശസ്ത്രക്രിയയുമാണ്‌.അപരലിംഗരുടെ പ്രണയം ചിലപ്പോൾ എതിർ വർഗ്ഗത്തോടായിരിക്കാമെന്നത്‌ അത്ഭുതകരമായ വസ്തുതയാണ്‌. അതായത്‌ ഒരു പുരുഷൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയെങ്കിലും അവൾ മറ്റൊരു സ്ത്രീയെ പ്രണയിക്കുന്നു.അപരലിംഗസമുദായമാണു ഇന്ത്യയിലെ ഹിജഡകൾ.

18-ലിംഗ തന്മയിൽ ആണ്മയ്ക്കും പെണ്മയ്ക്കും ഇടയിൽ നിൽക്കുന്ന മധ്യലിംഗർ,ആണും പെണ്ണുമല്ലാത്ത നപുംസകങ്ങൾ എന്നിവർ അപരലിംഗരിലെ മറ്റു ഉപവിഭാഗങ്ങളാണ്‌.

19-സ്വവർഗ്ഗ പ്രണയികൾ അപരലിംഗക്കാരെ പോലെ ലിംഗം മാറാൻ ആഗ്രഹിക്കുന്നില്ല.പുരുഷന്മാർക്ക്‌ പുരുഷന്മാരുടെ പ്രകൃതവും സ്ത്രികൾക്ക്‌ സ്ത്രീകളുടെ പ്രകൃതവും തന്നെ ആയിരിക്കും.പ്രണയം സ്വന്തം വർഗ്ഗത്തിൽ പെട്ടവരോടായിരിക്കും എന്നുമാത്രം.ഇവരെ അപര ലിംഗക്കാരെപ്പോലെ ബാഹ്യപ്രകൃതി കൊണ്ട്‌ തിരിച്ചറിയാൻ കഴിയില്ല.

20-മറ്റൊരു വിഭാഗമാണു ഉഭയലൈംഗികർ.ഇവർക്ക്‌ ആണിനോടും പെണ്ണിനോടും ആകർഷണം തോന്നും.ഇവരുടെ സ്വവർഗ്ഗ ലൈംഗികത പുറത്തു വരുന്നത്‌ പരിതസ്ഥിതികൾക്കനുസരിച്ചാകും.വിവാഹത്തിനു ശേഷം മിക്കവരിലും പൂർണ്ണമായും അപ്രത്യക്ഷമാക്കുന്നു.എന്നാൽ മറ്റു ചിലർ കാലക്രമേണ സ്വവർഗ്ഗാനുരാഗികളായി മാറുന്നു.

21- എതിർവ്വർഗ്ഗപ്രണയികളിൽ ചിലർക്ക്‌ അനുഭവപ്പെടുന്ന സാന്ദർഭിക സ്വവർഗ്ഗ ലൈംഗികത ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒന്നാണ്‌. അതു പോലെയാണ്‌ സ്വവർഗ്ഗ ലൈംഗികത എന്ന് തെറ്റിദ്ധരിക്കാരുത്‌.

22-സ്വവർഗ്ഗലൈംഗികതയെക്കുറിച്ചുള്ള ചർച്ചകൾ വളർന്നു വരുന്ന കുട്ടികളെ വഴിതെറ്റിക്കുമോ എന്ന മാതാപിതാക്കളുടെ ആശങ്ക അസ്ഥാനത്താണ്‌.മനുഷ്യലൈംഗികത പതിനെട്ടു വയസ്സിനു ശേഷം മാത്രം ഉടലെടുക്കുന്ന ഒന്നല്ല. ഇന്ത്യയിലെ ഹൈസ്കൂളുകളിൽ പഠിക്കുന്ന മിക്ക ആൺകുട്ടികൾക്കും സ്വവർഗ്ഗലൈംഗികതയെപറ്റി തമാശ രൂപേണയുള്ള കേട്ടറിവെങ്കിലും ഉണ്ടായിരിക്കും. അതിനെ പറ്റി അറിഞ്ഞതു കൊണ്ടു മാത്രം എതിർ വർഗ്ഗലൈംഗിക ത്വരയുള്ള ഭൂരിപക്ഷം അതു പരീക്ഷിക്കുമെന്നു പറയുന്നതിൽ ന്യായമില്ല. ഇതിനെപ്പറ്റി ഹൈസ്കൂൽ തലം മുതലേ ശസ്ത്രീയമായ വിവരങ്ങൾ നൽകുന്നതാണു ഉത്തമം.

23-സ്വവർഗ്ഗപ്രണയികൾക്കു സ്വാതന്ത്ര്യം അനുവദിച്ചാൽ സമൂഹം ലൈംഗിക അരാജകത്വത്തിലേക്കു കൂപ്പുകുത്തും എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നവരാണു ചിലർ.എന്നാൽ സത്യം ഇതിനു നേർ വിപരീതമാണ്‌.നേർവ്വഴിക്ക്‌ ലൈംഗികതയും പ്രണയവും അനുഭവിക്കുവാനുള്ള സാമൂഹിക സാഹചര്യങ്ങൾ ഇല്ലാതാവുമ്പോഴാണ്‌ അത്‌ ക്രിമിനൽ സ്വഭാവം കൈക്കൊള്ളുന്ന സാമൂഹിക വിപത്തായി മാറുന്നത്‌. ഇത്‌ രണ്ടുതരം ലൈംഗികതക്കും ബാധകമാണ്‌.

23-സ്വവർഗ്ഗലൈംഗികതയെ ബാലപീഢനവുമായി താരതമ്യം ചെയ്യുന്നവർ പ്രായ പൂർത്തിയായവർ തമ്മിലുള്ള സ്വവർഗ്ഗപ്രണയത്തെക്കുറിച്ചു തീർത്തും അജ്ഞരാണ്‌.

24-ബാലപീഡനം,ബലാത്സംഗം,പരസ്യരതി എന്നിവ എതിർവ്വർഗ്ഗ ലൈംഗികതയിലായാലും സ്വവർഗ്ഗലൈംഗികതയിലായാലും ക്രിമിനൽ കുറ്റങ്ങൾ തന്നെയാണ്‌.എന്നാൽ പ്രായപൂർത്തിയായ രണ്ടുവ്യക്തികൾക്കു പരസ്പര സമ്മതത്തോടെ തങ്ങളുടെ സ്വകാര്യതയിൽ സ്വവർഗ്ഗമോ എതിർവ്വർമ്മോ ആയ ലൈംഗികതയിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം ഏതൊരു ജനാധിപത്യ രാജ്യത്തും പൗരന്മാരുടെ മൗലികാവകാശമായിരിക്കണം.

24-സ്വവർഗ്ഗപ്രണയികൾക്ക്‌ സ്വാതന്ത്ര്യം അനുവദിച്ചാൽ മാരകമായ എയ്ഡ്സ്‌ ഉൾപ്പെടെയുള്ള ലൈംഗികരോഗബാധകൾ വർദ്ധിക്കും എന്നു കരുതുന്നവരുണ്ട്‌.എന്നാൽ എതിർ വർഗ്ഗപ്രണയികളെപ്പോലെ ഒരുകൂരക്കു കീഴിൽ സുരക്ഷാമാർഗ്ഗങ്ങളുപയോഗിച്ച്‌ ലൈംഗികത ആസ്വദിക്കുവാനുള്ള സാഹചര്യമില്ലാത്തതിനാലാണ്‌ സ്വവർഗ്ഗപ്രണയികൾക്ക്‌ രോഗബാധയേൽക്കാനുള്ള സാധ്യത കൂടുന്നത്‌.തന്റെ സ്വവർഗ്ഗ ലൈംഗികത മറച്ചു വെച്ചു ജീവിക്കേണ്ടിവരുന്നവർക്കു സ്ഥിരമായ പങ്കാളികൾ ഉണ്ടാകാതിരിക്കുന്നതും രോഗബാധയുടെ നിരക്ക്‌ വർദ്ധിപ്പിക്കുന്നു.

25-സ്വവർഗ്ഗപ്രണയികളെ കുടുംബവ്യവസ്ഥയെ കുളം തോണ്ടുന്ന സാമൂഹിക വിരുദ്ധരായി താറടിച്ചു കാണിക്കുന്നവർ സൗകരയപൂർവ്വം മറക്കുന്ന ഒരു വസ്തുതയുണ്ട്‌. പൂർണ്ണമായും സ്വവർഗ്ഗാനുരാഗിയായ പുരുഷന്‌ ഒരു സ്ത്രീയുമായി ലൈംഗിക വേഴ്ച അസാധ്യമാണ്‌.മറിച്ചുള്ള ഒരു സ്ത്രീക്കും പുരുഷനുമായുള്ള വേഴ്ച ഒരു സംതൃപ്തിയും നൽകില്ല.ഇങ്ങനെയുള്ളവർ എതിവർഗ്ഗത്തിലുള്ളവരുമായി വിവാഹബന്ധത്തിലേർപ്പെട്ടാൽ ആ ദമ്പതികൾക്ക്‌ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നത്‌ നരകം തന്നെയായിരിക്കും.രണ്ടു പേരും അന്യരുമായി അവിഹിത ബന്ധത്തിലേർപ്പെടാനുള്ള സാധ്യതയും ഏറെയാണ്‌.അത്‌ കുടുംബത്തെ കുളം തോണ്ടില്ലേ?

26-സ്വവർഗ്ഗപ്രണയികൾ,ഉഭയപ്രണയികൾ, അപരലിംഗർ എന്നിവരടങ്ങിയതാണ്‌ ലൈംഗികന്യൂനപക്ഷം.

27-മനുഷ്യരാശി ഉത്ഭവിച്ച കാലം മുതൽക്ക്‌ ഇവർ ഉണ്ടായിരുന്നു.ഗ്രീക്ക്‌,റോം,ഇന്ത്യ,ചൈന എന്നിവയുടെ പുരാതന ചരിത്രങ്ങളിൽ ലൈഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച്‌ പരാമർശ്ശങ്ങളുണ്ട്‌.

28-ബ്രിട്ടിഷ്‌ കൊളോണിയലിസത്തിന്റെ ഭാഗമായി അവരുടെ വിക്ടോറിയൻ മൂല്യങ്ങൾ ലോകമെങ്ങും അടിച്ചേൽപിച്ചപ്പ്പ്പോൾ ഇന്ത്യയുൾപ്പെടെയുള്ള പല കോളനികളിലും സ്വവർഗ്ഗ ലൈംഗികത കുറ്റമോ പാപമോ ഒക്കെയായി മാറി.

29-ലൈംഗികതയോടും പ്രണയത്തോടുമുള്ള ശാസ്ത്രീയമായ കാഴ്ചപ്പാട്‌,സാമ്പത്തിക സ്വാതന്ത്ര്യത്തിൽ നിന്നുളവാകുന്ന വ്യക്തി സ്വാതന്ത്ര്യം,വർദ്ധിച്ച സ്ത്രീപുരുഷ സമത്വം എന്നിവയൊക്കെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനു വഴിയൊരുക്കുന്ന ഘടകങ്ങളാണ്‌.കുറ്റവാളികൾ,മാനസികരോഗികൾ,ധാർമ്മിക മൂല്യങ്ങളില്ലാത്ത മ്ലേച്ഛർ എന്നൊക്കെ സമൂഹം കണക്കാക്കുന്ന ലൈംഗികന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന വിവേചനങ്ങൾക്കെതിരെ വികസിത രാജ്യങ്ങളിൽ നിയമസുരക്ഷയുണ്ട്‌ ഇന്ന്.

30-1990-ൽ ലോകാരോഗ്യ സംഘടന സ്വവർഗ്ഗലൈംഗികതയെ മനോരോഗങ്ങളുടെ പട്ടികയിൽനിന്ന് നീക്കം ചെയ്തു.

31-സ്വവർഗ്ഗലൈംഗികതക്ക്‌ പണ്ഡിതർ , പാമരർ, പണക്കാർ,പാവപ്പെട്ടവർ,ഈശ്വരവിശ്വാസി,നിരീശ്വരവാദി തുടങ്ങിയ വിവേചനങ്ങളൊന്നുമില്ല. സമൂഹത്തിലെ ഏത്‌ തട്ടിലേയും ഒരു ന്യൂനപക്ഷം സ്വവർഗ്ഗലൈംഗികതയുള്ളവരായിരിക്കും.

32-ലോകപ്രശസ്തരായ ചില പ്രതിഭാശാലികൾ സ്വവർഗ്ഗപ്രണയികളായിരുന്നു.മൈക്കൽ ആഞ്ചലോ,ഓസ്കാർ വൈൽഡ്‌,കമ്പ്യൂട്ടർ സയൻസിന്റെ പിതാവ്‌ അലൻ റ്റ്യൂറിംഗ്‌,ഹോളിവുഡ്‌ താരം റോക്ക്‌ ഹഡ്സൺ,ടെന്നീസ്‌ താരം മാർട്ടിന നവരത്‌ ലോവ,പോപ്‌ ഗായകൻ എൽട്ടൺ ജോൺ,ഹാസ്യതാരം എല്ലൻ ഡീജനറസ്‌,സി എൻ എൻ വാർത്താവതാരകൻ ആൻഡേഴ്സൺ കൂപ്പർ തുടങ്ങിയർ.സ്വവർഗ്ഗപ്രണയികൾക്ക്‌ തങ്ങളുടെ ലൈംഗികതയും പ്രണയവും സമൂഹത്തിനിന്ന് മറച്ചു വെക്കാതെ ജീവിക്കാൻ കഴിഞ്ഞപ്പോഴുണ്ടായ ഗുണകരമായ മാറ്റങ്ങൾക്ക്‌ ഉദാഹരണങ്ങളാണ്‌ ഈ പ്രതിഭകൾ.

33-സ്വവർഗ്ഗപ്രണയം ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ല എന്നു പറയുന്നവർ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച്‌ അജ്ഞരാണ്‌. ലൈംഗികന്യൂനപക്ഷങ്ങളെ 'തൃതീയപ്രകൃതം' എന്നരീതിയിൽ നോക്കിക്കാണുന്ന കാഴ്ചപ്പാടുകൾ പുരാണങ്ങളിലുണ്ട്‌. ഹിജഡകൾ എന്നറിയപ്പെടുന്ന ഇന്ത്യയിലെ പരമ്പരാഗത അപരലിംഗസമുദായം നൂറ്റാണ്ടുകളോളം പഴക്കമുള്ളതാണ്‌.ലൈംഗികതയെപ്പറ്റിയുള്ള ആദിഗ്രന്ഥമായ കാമസൂത്രത്തിൽ കാമസൂത്രത്തിൽ സ്വവർഗ്ഗരതിയെക്കുറിച്ച്‌ പരാമർശ്ശങ്ങളുണ്ട്‌.ചില പുരാതന ഇന്ത്യൻ ക്ഷേത്ര സമുച്ചയങ്ങളിൽ സ്വവർഗ്ഗലൈംഗികതയും ചിത്രീകരിച്ചിരിക്കുന്നത്‌ കാണാം.

34-സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവായ നാടകകൃത്തും സിനിമാസംവിധായകനുമായ മഹേഷ്‌ ദത്താനി,എഴുത്തുകാരായ വിക്രം സേത്ത്‌, ഹോഷങ്ങ്‌ മെർച്ചന്റ്‌,ആക്റ്റിവിസ്റ്റ്‌ ഗീതകുമാന,മാളവിക എന്നിവർ ഇന്ത്യയിലെ പ്രമുഖരായ സ്വവർഗ്ഗപ്രണയികളാണ്‌.

35-വിക്രം സേത്ത്‌ ,ലൈംഗികന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന സാമൂഹികപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച്‌ കേന്ദ്ര ഗവണ്മെന്റിനും നിയമമന്ത്രാലയത്തിനും 2006-ൽ ഒരു തുറന്ന കത്ത്‌ സമർപ്പിച്ചിരുന്നു.അമർത്ത്യ സെൻ,ക്യാപ്റ്റൻ ലക്ഷ്മി,സ്വാമി അഗ്നിവേശ്‌,അരുന്ധതിറോയ്‌,ശ്യാം ബെനഗൽ,ഗിരീഷ്‌ കർണ്ണാട്‌,ശോഭാ ഡെ തുടങ്ങി നൂറോളം പമുഖ അനുഭാവികൾ ഈ തുറന്ന കത്തിന്‌ പി ന്തുണ പ്രഖ്യാപിച്ചു.

36-ലൈംഗികന്യൂനപക്ഷങ്ങളുടെ മനുഷ്യാവകശങ്ങളോട്‌ പരസ്യമായി അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള കേരളത്തിലെ ഏക ജനപ്രതിനിധിയും രാഷ്ടീയനേതാവും ശശിതരൂരാണ്‌.

09ജൂലായ്‌19,മാത്രുഭൂമി ആഴ്ചപ്പതിപ്പിൽ കിഷോർ കുമാർ എഴുതിയ 'പണയം ഒരു മനുഷ്യാവകാശപ്രശ്നമാണ്‌' എന്ന ലേഖനത്തിലെ വാദങ്ങളാണ്‌ ഇവിടെ അക്കമിട്ട്‌ നിരത്തിയിട്ടുള്ളത്‌.

സ്വവർഗ്ഗപ്രണയം എങ്ങനെ ഇസ്ലാമിക വിരുദ്ധമാകും?

1-ഇസ്ലാം മഹാപാപമായി കണക്കാക്കി കഠിന ശിക്ഷ വിധിച്ചിട്ടുള്ള വ്യഭിചാരത്തിൽ സ്വവർഗ്ഗ രതി ഉൾപ്പെടുന്നില്ല.സ്വവർഗ്ഗരതിക്ക്‌ ഇസ്ലാമിക ശിക്ഷാനിയമത്തിൽ അന്യസ്ത്രീപുരുഷവ്യഭിചാരത്തിനുള്ളതു പോലെ കഠിന ശിക്ഷയുള്ളതായി അറിയില്ല.

2- മനുഷ്യലൈംഗികത സന്താനോത്പാദനത്തിനു മാത്രമാണെന്ന വീക്ഷണം ഇസ്ലാമിനില്ല.അടിമസ്ത്രീകളോടും ഭാര്യമാരോടും ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ 'അസ്‌ൽ' നടത്തുന്നതിനെ ഇസ്ലാം വിലക്കിയിട്ടില്ല എന്നത്‌ ഓർക്കുക.(ശുക്ലം പുറത്തുകളയൽ)

3-പിന്നെ ഖുർ-ആൻ ലൂത്ത്‌ നബിയുടെ ചരിത്രവിവരണത്തിലൂടെ അധിക്ഷേപിച്ച സ്വവർഗ്ഗരതി ബാലപീഡനത്തിൽ പെടുന്നതാണെന്നു തോന്നുന്നു.അവരെ നശിപ്പിക്കാൻ മലക്കുകൾ സുന്ദരബാലന്മാരുടെ രൂപത്തിലാണല്ലോ വരുന്നത്‌.അല്ലെങ്കിൽ ലൂത്ത്‌ നബിയുടെ ജനതയുടെ സ്വവർഗ്ഗരതിക്ക്‌ ബാലന്മാരാണ്‌ കുടുതൽ ഇരയായത്‌ എന്ന കാരണത്താലാവാം അത്‌ അധിക്ഷേപിക്കപ്പെട്ടത്‌.(ഖുർ-ആൻ,15:61,62).

4-അല്ലെങ്കിൽ ഇങ്ങനെയും അനുമാനിക്കാവുന്നതാണ്‌.അന്ന് ആ നാട്ടിൽ പെണ്ണുങ്ങളെ ലൈംഗിക പങ്കാളിയായി സ്വീകരിക്കാത്ത വിധം അവരെ ലൈംഗികനിരാലംബരാക്കുന്ന തരത്തിലുള്ള ഒരുതരം സ്വവർഗ്ഗ രതിവൈകൃതം പുരുഷന്മാരിൽ ശക്തിപ്രാപിച്ചിരുന്നു. ലുത്ത്‌ നബിയുടെ പെണ്മക്കളെ വേണ്ടാത്തവിധം, സുന്ദരന്മാരായ ബാലന്മാരെ-മലക്കുകളെ-തന്നെ കിട്ടണമെന്ന തരത്തിലുള്ള അക്രമാസക്തമായ സ്വഭാവം കൈവരിച്ചിരുന്ന രതിവൈകൃതമായിരുന്നു അതെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്‌.(15:68,69,71 11:78,79)

5-മാത്രമല്ല ഈ സ്വവർഗ്ഗരതിവൈകൃതം പുരുഷന്മാരിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഖുർ-ആനിൽ നിന്നും മനസ്സിലാക്കാം.

6-അപ്പോൾ ഖുർ-ആൻ ലൂത്ത്‌ നബിയിലൂടെ കാലത്ത്‌ വിലക്കിയ സ്വവർഗ്ഗരതി,സമൂഹത്തിലെ ഒരു ന്യൂനപക്ഷമായ സ്ത്രീകളിലും പുരുഷന്മാരിലും മാത്രം ജന്മനാ കണ്ടുവരുന്ന സ്വാഭാവിക സ്വവർഗ്ഗരതിയല്ലെന്ന് അനുമാനിക്കാം.

7-മാത്രമല്ല ലൂത്ത്‌ നബിയുടെ കാലത്തെ സ്വവർഗ്ഗരതി വൈകൃതം പരസ്യരതി കൂടിയായതു കൊണ്ടാവാം കുർ-ആൻ വിലാക്കിയത്‌ എന്ന് അനുമാനിക്കാനും വകയുണ്ട്‌.(ഖുർ-ആൻ,29:29).

ഇതുകൊണ്ടൊക്കെത്തന്നെ ഇസ്ലാം സ്വവർഗ്ഗ ലൈഗികതയെ വിലക്കുന്നു എന്ന് കണ്ണടച്ചു പറയാൻ പ്രയാസമുണ്ട്‌.

8-അടിമത്തത്തെ വെറുത്തിട്ടും സാമൂഹികസാഹചര്യത്താലോ,ചരിത്രപരമായ കാരണത്താലോ ഇസ്ലാം അത്‌ നിരോധിച്ചില്ല.അടിമസ്ത്രീയെ യജമാനൻ ലൈംഗികമായി ഉപയോഗിക്കുന്നതും വിലക്കിയില്ല. അടിമസമ്പ്രദായത്തിലും സ്വവർഗ്ഗരതിക്കാര്യത്തിലും അനീതിയേയും വൈകൃതങ്ങളേയും അവ്യവസ്ഥയേയും അരാജകത്വത്തെയും മാത്രമല്ലേ ഇസ്ലാം വിലക്കിയിട്ടുള്ളൂ.പൂർണ്ണമായും അവയെ വിലക്കിയിട്ടില്ല.

അടിമസ്ത്രീകൾ നിർബന്ധമായും മറയ്ക്കേണ്ട ഔറത്ത്‌-നഗ്നത- മുട്ടിനും പൊക്കിളിനും ഇടയിലുള്ള സ്ഥലം മാത്രമാണെന്നും ഇസ്ലാമിൽ പറയുന്നുണ്ട്‌.ഇത്‌ ഭൂരിപക്ഷം മുസ്ലിംകളും അംഗീകരിക്കുന്ന കാര്യമാണ്‌.

9-നിരോധം കൊണ്ട്‌ ഫലമില്ലാത്ത സാഹചര്യങ്ങളിൽ അടിമത്തവും അതിന്റെ ഭാഗമായുള്ള സദാചാരവും എപ്രകാരം അനുവദനീയമാണോ അതുപോലെ സ്വവർഗ്ഗലൈംഗികതയും അനുവദനീയമാകുന്നതിൽ അനൗചിത്യം തോന്നുന്നില്ല.

(നിയമാനുസൃതമായ ലൈഗികബന്ധത്തിലൂടെ വികാരശമനം അസാധ്യമാകുന്ന സാഹചര്യത്തിൽ സ്വയം ഭോഗം നടത്തുന്നതിൽ തെറ്റുണ്ടോ? ഇക്കാര്യത്തിലുള്ള ഇസ്ലാമിക വിധി എന്താണെന്നറിഞ്ഞാൽ കൊള്ളാം)

ഹിജഡകളെ എന്തു ചെയ്യണം?

10-ഇസ്ലാം ഒരു പൂർണ്ണജീവിത വ്യവസ്ഥയാണല്ലോ.എങ്കിൽ ആ പൂർണ്ണ ജീവിത വ്യവസ്ഥയിൽ ഹിജഡകളെപ്പോലുള്ളവർക്കുള്ള ഇസ്ലാമിക പരിഹാരം എന്താണ്‌?

ലിംഗമാറ്റ ശസ്ത്രക്രിയക്ക്‌ അനുമതി നൽകി ഖുമൈനിയെ പോലുള്ളവർ ഫത്‌ വ ഇറക്കിയതായി ഡോ.എൻ പി ഹാഫിസ്‌ മുഹമ്മദ്‌ ലൈംഗിക ന്യൂനപക്ഷങ്ങളെ കൂറിച്ച്‌ 'മാധ്യമം' വാരികയിൽ എഴുതിയ ഒരു ലേഖനത്തിൽ പറഞ്ഞിരുന്നു.എന്നാൽ ലിംഗമാറ്റ ശത്രക്രിയ എല്ലാവർക്കും ഗുണം ചെയ്യില്ല എന്നതിനാൽ അതൊരു സാർവ്വത്രിക പരിഹാരവുമല്ല.

11-പാപം ചെയ്യുമോ എന്നഭയം ഉണ്ടെങ്കിൽ ധനശേഷിയില്ലാത്തവർ അടിമസ്ത്രീകളെ വിവാഹം ചെയ്യണം.അല്ലെങ്കിൽ വ്രതം അനുഷ്ഠിക്കണം.സഹനം ആണ്‌ ഏറ്റവും ഉത്തമം.ഇതാണ്‌ ഖുർ-ആന്റെ നിർദ്ദേശം.സ്വവർഗ്ഗരതിക്കാർക്കും ഹിജഡകളാദി അപരലിംഗർക്കും വ്രതം മാത്രമാണോ ഏക പരിഹാരം? അടിമസ്ത്രീകളെയെങ്കിലും വിവാഹം കഴിക്കാൻ നിർദ്ധനർക്കു നൽകുന്ന ചോയ്സ്‌ പോലെ വല്ലതും ഇവർക്കും വേണ്ടതല്ലേ? പണ്ഠിതന്മാർ ഇക്കാര്യത്തിൽ ഇജ്തിഹാദിലൂടെ ഒരു പുതിയ പരിഹാരം കണ്ടെത്തേണ്ടതല്ലെ?

12- വ്യഭിചാരം പോലെ സ്വവർഗ്ഗരതി പാപമല്ലെങ്കിൽ സ്വവർഗ്ഗവിവാഹം എന്തു കൊണ്ട്‌ അനുവദിച്ചു കൂട? പാപം ചെയ്യുന്നതും സാമൂഹിക അരാജകത്വം ഉണ്ടാകുന്നതും തടയുന്നതിന്‌ ഇതല്ലേ ഉത്തമമാർഗ്ഗം?

13-ഇതൊന്നും അനുവദനീയമല്ലെന്നും സ്വവർഗ്ഗരതി മാനസികരോഗമാണെന്നും കടും പിടുത്തം തുടർന്നാൽ ഇത്തരക്കാരെ സത്യവിശ്വാസത്തിൽ നിന്നും അകറ്റാനേ അതു കാരണമാകൂ.

14-ഹിജഡകളെപ്പോലുള്ളവർ ദൈവവിധി എന്നുകരുതി സഹനം കൈക്കൊള്ളണമെന്നാണോ ഇസ്ലാമിക വിധി? സന്യാസത്തെ നിരോധിക്കുന്ന ഇസ്ലാമിൽ ഇതിനെന്തു സ്ഥാനമാണുള്ളത്‌? ഒരു തരം ലൈംഗികവികലാംഗരായി ഇവരെ കണക്കാക്കി ഇവരുടെ ശാരീരിക,മാനസിക ആവശ്യങ്ങളെയും വികാര-വിചാരങ്ങളെയും അവഗണിക്കുന്നത്‌ സമ്പൂർണ്ണജീവിതവ്യവസ്ഥയായ ഇസ്ലാമിന്‌ ഒരു പോരായ്മയല്ലേ?

ലൈംഗികാനന്ദത്തെ വിലക്കാത്ത ഇസ്ലാം സ്വവർഗ്ഗ പ്രണയികൾക്കും അപരലിംഗർക്കും വ്രതം മാത്രമാണ്‌ അഭികാമ്യമായ ഒരേ ഒരു മാർഗ്ഗം എന്ന് വിധിക്കും എന്ന് കരുതാൻ വയ്യ.അവർക്ക്‌ അവരുടെ ശരീരത്തിന്റെയും മനസിന്റെയും പ്രണയദാഹം ശമിപ്പിക്കാതെ മനസിൽ ദൈവസ്മരണ നിലനിർത്തൽ അസാധ്യമാകും.

കുടുംബം കുളം തോണ്ടുമോ?

15-സ്വവർഗ്ഗരതിക്കാരെ ഇഷ്ടമുള്ളവരോടൊപ്പമൊക്കെ യഥേഷ്ടം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തക്ക സാഹചര്യം നിയമം മൂലമോ അല്ലാതെയോ ഉണ്ടാക്കാൻ പാടില്ല.സ്വവർഗ്ഗവിവാഹം നിയമമാക്കുക,അതിലൂടെയുള്ള ലൈംഗികബന്ധം മാത്രം അനുവദിക്കുക. ലൈംഗിക അരാജകത്വം ഒഴിവാക്കാൻ ഇതാണു വേണ്ടത്‌.കുഞ്ഞുങ്ങളുണ്ടാവാൻ ഭാഗ്യമില്ലാത്ത സ്ത്രീ,പുരുഷദമ്പതിമാർ കുടുംബജീവിതം നയിക്കുന്നില്ലേ? അതുപോലൊരു കുടുംബജീവിതം സ്വവർഗ്ഗരതിക്കാർക്കും എന്തുകൊണ്ടായിക്കൂട?

16-ലോകത്ത്‌ 120-ഓളം രാജ്യങ്ങളിൽ സ്വവർഗ്ഗരതി നിയമ വിധേയമാണ്‌.അടിമത്തവും സ്ത്രീവോട്ടാവകാശവും പൊലെ ഇതും സാർവ്വത്രികമാവും. വിവാഹപ്രായം 18 വയസ്സാക്കിയപ്പോൽ അതിനെയും പ്രകൃതിവിരുദ്ധമെന്നും മതവിരുദ്ധമെന്നും ഒക്കെ പറഞ്ഞു എതിർത്തവരുണ്ടായിരൂന്നു.തുർക്കി,ജോർദ്ദാൻ,അൽബേനിയ,കൊസോവ,ബോസ്നിയ-ഹെർസ്സഗോവ്ന,ഇൻഡോനേഷ്യ,എന്നിവിടങ്ങളിലൊന്നും സ്വവർഗ്ഗരതിക്ക്‌ നിരോധനങ്ങളില്ല.അതിന്റെ കാരണം അന്വേഷിക്കേണ്ട വിഷയമാണ്‌.വികസിതമായ ഒരു സമൂഹത്തിൽ ഇതിനനുകൂലമായ പൊതുബോധം നിലനിൽക്കുന്നുണ്ട്‌ എന്നു തന്നെ വേണം കരുതാൻ.

ഉപസംഹാരം: ഇവിടെ ഉന്നയിച്ച സംശയങ്ങളും അഭിപ്രായങ്ങളും എന്റെ അന്തിമനിലപാടുകളല്ല.ചർച്ചകൾക്കും സംവാദത്തിനും ശേഷം വ്യക്തമായ ഒരു ധാരണ രൂപപ്പെടാൻ ലക്ഷ്യം വെച്ചുകൊണ്ടാണു ഇത്‌ വായനക്കാർക്ക്‌ മുമ്പിൽ വെക്കുന്നത്‌.സ്വവർഗ്ഗരതിക്കാരുടെ വാദഗതികൾ കൂടുതൽ മനസിലാക്കി അതിനെ ഇസ്ലാമിന്റെ പ്രമാണങ്ങൾക്കും സത്തക്കും അനുസൃതമായി പുനർ വായനക്ക്‌ വിധേയമാക്കാമോ ഇല്ലയോ? അതാണ്‌ ഇവിടത്തെ വിഷയം.

Tuesday 14 July 2009

ഇമാം ഗസ്സാലിയുടെ 'ആനന്ദത്തിന്റെ ആൽകെമി'യിൽ നിന്നുള്ള ചില ഉദ്ധരണികൾ

ആത്മജ്ഞാനികളേക്കാൾ പണ്ഠിതന്മാരല്ലേ ഇന്ന് മതത്തെ നിയന്ത്രിക്കുന്നത്‌?അതു തന്നെയല്ലേ ഇന്നത്തെ മതത്തിന്റെ ശാപവും? വിശ്വാസികളായ ജനങ്ങൾക്കും പണ്ഠിതന്മാർക്കും പാണ്ഠിത്യപ്രകടനങ്ങളിലും പാണ്ഠിത്യമത്സരങ്ങളിലുമല്ലേ താൽപര്യം? പാണ്ഠിത്യത്തോടുള്ള ഈ ദാസ്യമല്ലേ സ്വമതശ്രേഷ്ഠവാദത്തിലേക്കും ജഗുപ്സാഹമായ യുക്തിവാദപ്രതിവാദങ്ങളിലേക്കും മതത്തെ നയിക്കുന്നത്‌?
പണ്ഠിതന്മാരിൽ അഹംബോധം അല്ല ഈഗോയാണ്‌ നിലനിൽക്കുന്നത്‌.സമുദായത്തെ ഭിന്നമത സംഘടനകളാക്കി ഭിന്നിപ്പിച്ചു നിർത്തുന്നത്‌ ആത്മഞ്ഞാനമില്ലാത്ത പാണ്ഠിത്യത്താൽ അഹംകാരവും അന്ധതയും ബാധിച്ച പണ്ഠിതന്മാരല്ലേ?

പ്രശസ്ത ഇസ്ലാമിക പണ്ഠിതനും സൂഫിവര്യനുമായിരുന്ന ഇമാം ഗസ്സാലിയുടെ 'ആനന്ദത്തിന്റെ ആൽകെമി' എന്ന പുസ്തകം(സാജ്‌ ബുക്സ്‌. പരിഭാഷ:എൻ മൂസക്കുട്ടി)വായിച്ചപ്പോൾ വായനക്കാക്ക്‌ മുമ്പിൽ ചർച്ചക്കായി എടുത്ത്‌ കാണിക്കണമെന്നു തോന്നിയ പുസ്തകത്തിലെ ചില പരാമർശ്ശങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ

'അഹത്തെക്കുറിച്ചുള്ള അറിവ്‌' എന്ന ഒന്നാമധ്യായത്തിൽ നിന്ന്

'.................ഒരു പ്രത്യേക അധികാരപദവി കരസ്ഥമാക്കുന്ന ആത്മാക്കൾ അവയുടേതായ ശരീരം മാത്രമല്ല മറ്റുള്ളവരുടെ ശരീരം കൂടി ഭരിക്കുന്നു.ഒരു രോഗി രോഗവിമുക്തമാകണമെന്ന് ആത്മാക്കൾ ആഗ്രഹിക്കുകയാണെങ്കിൽ അവൻ രോഗവിമുക്തനാകുന്നു.അല്ലെങ്കിൽ ആരോഗ്യവാനായ ഒരാൾ രോഗിയാകണമെന്ന് അവ ആഗ്രഹിക്കുകയാണെങ്കിൽ അവൻ രോഗിയായിത്തീരുന്നു.അതുമല്ലെങ്കിൽ ഒരു വ്യക്തിയുടെ സാന്നിധ്യം അവ ആഗ്രഹിക്കുകയാണെങ്കിൽ അവൻ അവയുടെ അടുത്തേക്ക്‌ വരുന്നു.ശക്തിമത്തായ ഈ ആത്മാക്കൾ സൃഷ്ടിക്കുന്ന പരിണതഫലങ്ങൾ നല്ലതാണോ ചീത്തയാണോ എന്നതിനനുസരിച്ച്‌ അവയെ അമാനുഷകർമ്മങ്ങളെന്നോ ആഭിചാരക്രിയകളെന്നോ വിശേഷിപ്പിക്കുന്നു.ഈ ആത്മാക്കൾ മൂന്നു തരത്തിൽ സാധാരണ ജനങ്ങളിൽ നിന്ന് വ്യത്യസ്തമാണു.1-മറ്റുള്ളവർ സ്വപ്നത്തിൽ മാത്രം കാണുന്നവ ഇവർ ഉണർന്നിരിക്കുന്ന നിമിഷങ്ങളിലും കാണുന്നു.2-മറ്റുള്ളവരുടെ ഇച്ഛാശക്തി അവരുടെ ശരീരത്തെ മാത്രമേ ബാധിക്കൂ എന്നിരിക്കെ,ഇവർക്ക്‌ തങ്ങളുടെ ഇച്ഛാശക്തിയാൽ അന്യമായ ശരീരത്തെ ചലിപ്പിക്കാൻ സാധിക്കും.3- ശ്രമകരമ്മയ പഠനത്താൽ മറ്റുള്ളവർ ആർജ്ജിക്കുന്ന അറിവ്‌ ഇവർക്ക്‌ അന്തർജ്ജ്ഞ്ഞാനത്താൽ വന്നുചേരുന്നു.
....... ശുദ്ധമായ ആത്മീയ സത്യത്തിൽ എത്തിച്ചേരണമെങ്കിൽ ബാഹ്യമായി കരസ്ഥമാക്കിയ അറിവിനെ തൽക്കലത്തേക്ക്‌ മാറ്റി വെക്കണം......
.....ആൽകെമി സ്വർണ്ണത്തേക്കാൾ നല്ലതാണെങ്കിലും യഥാർത്ഥ ആൽകെമിക്കാർ വളരെ അപൂർവ്വമാണു.യഥാർത്ഥ സൂഫികളും അപ്രകാരം തന്നെ.സൂഫിസത്തെക്കുറുച്ച്‌ അൽപജ്ഞാനം മാത്രമുള്ള ഒരാൾ ഒരു പണ്ഠിതനേക്കാൾ ഒട്ടും ശ്രേഷ്ഠനല്ല............'

'...........ഏത്‌ ഇന്ദ്രിയ ഞാനത്തിലൂടെയും വഹിക്കപ്പെടാനാവാത്ത അന്തർ ജ്ഞാനം മനസ്സിൽ ഉറവെടുക്കുമ്പോൾ കാണപ്പെടാത്തതിന്റെ നേർക്ക്‌ ഹൃദയത്തിൽ ഈ ജാലകത്തിന്റെ തുറക്കൽ പ്രവാചകോത്തേജനത്തെ സമീപിക്കുന്ന അവസ്ഥകളിലും സംഭവിക്കുന്നുണ്ട്‌.മനുഷ്യൻ ഭോഗാസക്തിയിൽനിന്ന് സ്വയം ശുദ്ധീകരിച്ച്‌ അല്ലാഹുവിൽ മനസ്സ്‌ കേന്ദ്രീകരിക്കുന്തോറും അത്തരം അന്തർ ജ്ഞാനങ്ങളെക്കുറിച്ച്‌ അവൻ കൂടുതൽ ബോധവാനായിത്തീരും.അവയെക്കുറിച്ച്‌ ബോധവാന്മാരല്ലാത്തവർക്ക്‌ അവയുടെ യാഥാർത്ഥ്യത്തെ നിഷേധിക്കാൻ അവകാശമില്ല.'

'.....അതേ സമയം പ്രവാചകന്മാരും പുണ്യവാളന്മാരും "നമ്മെപ്പോലെ ആഗ്രഹങ്ങൾ" ഉള്ള മനുഷ്യരാണെങ്കിൽ കൂടിയും അവരുടെ ഹൃദയം എല്ലാ ദിവ്യജ്ഞാനങ്ങളോടും അങ്ങേയറ്റം സംവേദനക്ഷമതയുള്ളതാണ്‌.'

'അല്ലാഹുവിനെക്കുറിച്ചുള്ള അറിവ്‌' എന്ന അദ്ധ്യായത്തിൽ നിന്ന്

'.......അല്ലാഹു ഒരു സംഗതി ഇച്ഛിക്കുമ്പോൾ അത്‌ ആത്മീയ വിതാനത്തിൽ പ്രത്യക്ഷപ്പെടുന്നു.ഇതിനെ ഖുർ-ആനിൽ 'സിംഹാസനം' എന്നാണ്‌ വിളിക്കുന്നത്‌.ഒരു ആത്മീയപ്രവാഹത്തിൽ സിംഹാസനത്തിൽ നിന്ന് അത്‌ 'കസേര' എന്ന് വിളിക്കപ്പെടുന്ന ഒരു താഴ്‌ന്ന വിതാനത്തിലേക്ക്‌ കടക്കുന്നു.പിന്നീട്‌ അതിന്റെ ആകാരം "വിധിയുടെ ശിലാരേഖ"യിന്മേൽ പ്രത്യക്ഷപ്പെടുന്നു."മാലാഖമാർ" എന്നു വിളിക്കപ്പെടുന്ന ശക്തികളുടെ അനുസന്ധാനത്താൽ അവിടെ വെച്ച്‌ അത്‌ സാക്ഷാൽക്കാരം കൈക്കൊള്ളുകയും ചെയ്യുന്നു'

'.......ഡോക്ടറും ഭൗതിക ശാസ്ത്രജ്ഞനും ജ്യോതിഷികനും ഒാരോരുത്തരും തങ്ങളുടെ പ്രത്യേഗ വിജ്ഞാനശാഖയിൽ നിശ്ശംശയമായും ശരിയാണ്‌.'

'.......പാപം തങ്ങളെ ബാധിക്കാത്തവിധം പരിശുദ്ധിയുടെ തലത്തിൽ തങ്ങൾ എത്തിക്കഴിഞ്ഞതായി അവകാശപ്പെടുന്നവരാണ്‌ ആറാമത്തെ വിഭാഗം.......എന്തു ന്യായം പറഞ്ഞാലും നിയമത്തിന്റെ ബാധ്യതകൾ അവഗണിക്കാൻ ശ്രമിക്കുന്നവൻ തീർച്ചയായും പൈശാചിക സ്വാധീനത്തിന്‌ കീഴ്പെട്ടവനാണ്‌.ഇവരോട്‌ പേന കൊണ്ടല്ല വാളു കൊണ്ടാണു സംസാരിക്കേണ്ടത്‌.ഈ വ്യാജ മതഗൂഡാത്മ വാദികൾ പലപ്പോഴും വിസ്മയക്കടലിൽ മുങ്ങിയതായി നടിക്കും...'

ലോകത്തെക്കുറിച്ചുള്ള അറിവ്‌' എന്ന അധ്യായത്തിൽ നിന്ന്

.......'വിരൂപിയായ ഒരു പടുകിഴവിയുടെ രൂപത്തിൽ ലോകം പ്രത്യക്ഷപ്പെട്ടതായി യേശു കണ്ടൂ'....
......'അന്ത്യ വിധി ദിനത്തിൽ പച്ചക്കണ്ണുകളും ഉന്തിയ പല്ലുകളുമുള്ള ഒരു ഭീകര മന്ത്ര വാദിനിയുടെ രൂപത്തിൽ ലോകം പ്രത്യക്ഷപ്പെടുമെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്‌'.......
..........'യേശു പറഞ്ഞു."ഐഹിക ലോകത്തെ സ്നേഹിക്കുന്നവൻ കടൽ ജലം കുടിക്കുന്ന ആളെപ്പോലെയാണ്‌.കുടിക്കുന്തോറും ദാഹം വർദ്ധിക്കും.ഒടുവിൽ ദാഹം ശമിക്കാതെ അവൻ മരിക്കുകയും ചെയ്യും".പ്രവാചകൻ പറഞ്ഞു."നനയാതെ വെള്ളത്തിൽ ഇറങ്ങാൻ കഴിയാത്തത്‌ എപ്രകാരമാണോ അതേ പ്രകാരമാണ്‌ മലിനപ്പെടാതെ ഐഹിക ലോകവുമായി ഇടപഴകുന്നത്‌"......
..........'പ്രവാചക വചനം "ഇഹലോകം ഒരു ശാപമാണ്‌.അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും അതിനെ തുണക്കുന്ന സംഗതിയും ഒഴികെ അതിലുള്ള എല്ലതും ഒരു ശാപമാണ്‌"......
...........'ലോകം"ഹാരൂത്തിനെക്കാളും മാരൂത്തിനെക്കാളും ശക്തിയുള്ള ആഭിചാരകനാണ്‌"-പ്രവാചകൻ.....

പരലോകത്തെ കുറിച്ചുള്ള അറിവ്‌ എന്ന അധ്യായത്തിൽ നിന്ന്.
......ഈ ജീവിതത്തെ തുടർന്നുള്ള സ്വർഗ്ഗത്തിലെ ആനന്ദത്തേയും നരകത്തിലെ വേദനയെയും സംബന്ധിച്ച്‌ പരയുകയാണെങ്കിൽ ഖുർ-ആനിലും ഹദീസിലും വിശ്വസിക്കുന്ന എല്ലാവരെയും പര്യാപ്തമായനിലയിൽ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്‌.എന്നാൽ ആത്മീയ സ്വർഗ്ഗവും നരകവും കൂടി ഉണ്ടെന്നുള്ളത്‌ പലപ്പോഴും അവർ മറന്നു പൊകുന്നു........
....മനുഷ്യന്‌ രണ്ട്‌ ആത്മാവുകളുണ്ട്‌.ജന്തുസഹജമായ ആത്മാവും അലൗകികമായ ആത്മാവും.അവസാനത്തേത്‌ ദൈവദൂതപരമായ സ്വഭാവമുള്ളതാണ്‌.ജന്തു സഹജമായ ആത്മാവിന്റെ ഇരിപ്പിടം ഹൃദയമാണ്‌.......
... ജന്തുസഹജ ആത്മാവിന്റെ സവാരിക്കാരനാണ്‌ മനുഷ്യാത്മാവ്‌ എന്നു പറയാം.....
...വധിക്കപ്പെട്ട അവിശ്വാസികളുടെ ആത്മാക്കളുമായി പ്രവാചകൻ സംവദിച്ചതായും പറയപ്പെടുന്നു.അവർക്കു ശിക്ഷ കിട്ടിയോ ഇല്ലയോ എന്നറിയാനായിരുന്നു ഇത്‌.യഥാർത്ഥമായാലും ഇല്ലെങ്കിലും അവരെ അദ്ദേഹം ഭീഷണിപ്പെടുത്തുക കൂടി ചെയ്തു.അവരോട്‌ ചോദിക്കുന്നത്‌ കൊണ്ട്‌ എന്ത്‌ പ്രയോജനമാണുള്ളതെന്ന് അനുയായികൾ ചോദിച്ചപ്പോൾ അദ്ദെഹം മറുപടിയേകി."നിങ്ങൾക്കു കേൾക്കുന്നതിനേക്കാൾ നന്നായി അവർ എന്റെ വാക്കുകൾ കേൾക്കുന്നു.......
.... മൃത്യുസമാനമായ ധ്യാനാവസ്ഥയിലായിരിക്കുമ്പോൾ സ്വർഗ്ഗനരകങ്ങളുടെ കാണപ്പെടാത്ത ലോകം ചിലസൂഫികൾക്ക്‌ വെളിപ്പെട്ടിട്ടുണ്ട്‌....
......പ്രവാചകൻ പറഞ്ഞു.അവിശ്വാസികൾക്ക്‌ ലോകം ഒരു സ്വർഗ്ഗമാണ്‌.വിശ്വാസികൾക്ക്‌ ഒരു തടവറയും ......
.......മരണാനന്തരം എല്ലാ അവിശ്വാസികളും ഒൻപതു തലകൾ വീതമുള്ള തൊണ്ണൂറ്റൊമ്പതു പാമ്പുകളാൽ പീഡിപ്പിക്കപ്പെടുമെന്ന് പ്രവാചകൻ പറഞ്ഞു.ഈ പാമ്പുകളുടെ ആവാസകേന്ദ്രം അവിശ്വാസികളുടെ ആത്മാവിനകത്താണെന്നും മരിക്കുന്നതിനു മുമ്പു തന്നെ അയാളിൽ ഉണ്ടായിരുന്നുവെന്നും അവർ മനസ്സിലാക്കുന്നില്ല.അസൂയ,വെറുപ്പ്‌, കാപട്യം,അഹംഭാവം,വഞ്ചന,തുടങ്ങിയവ പോലുള്ള അയാളുടെ ദുഷ്ടഗുണങ്ങൾ പ്രതീകവൽക്കരിക്കുന്നവയാണു പാമ്പുകൾ........
........ഒരു പാരത്രിക അസ്തിത്വത്തെക്കുറിച്ച്‌ അവൻ സംശയാലുവാണെങ്കിൽപോലും ഗംഭീരമായ അപകട സാധ്യതകൾ കണക്കിലെടുക്കുമ്പോൾ അവിടെ അങ്ങനെ ഒന്നുണ്ടെന്ന മട്ടിൽ അവൻ പെരുമാറണമെന്ന് യുക്തി അനുശാസിക്കുന്നു.....

'മതനിഷ്ഠജീവിതത്തിന്‌ സഹായകമെന്ന നിലയിൽ സംഗീതത്തെയും ന്രിത്തത്തേയും സംബന്ധിച്ച്‌'ർന്ന അധ്യായത്തിൽനിന്ന്

....ദുഖം വർദ്ധിപ്പിക്കുന്ന മരിച്ചവർക്കു വേണ്ടിയുള്ള വിലാപഗാനം നിയമവിധേയമല്ല......
.... തന്റെ പീറിന്റെ അഥവാ ആത്മീയ ഉപദേഷ്ടാവിന്റെ അനുമതി കൂടാതെ ഈ മത ഗൂഢാത്മക ന്ര്ത്തത്തിൽ പങ്കെടുക്കുന്നത്‌ സൂഫിസം അർത്ഥിക്കുന്നവനെ സംബന്ധിച്ചേടത്തോളം നിയമവിധേയമല്ല........
......സൂഫികളുടെ ഹർഷോന്മാദത്തിന്റെയും ഇതര ആത്മീയാനുഭവങ്ങളുടെയും യാഥാർത്ഥ്യത്തെ നിരാക്കരിക്കുന്നവർ തങ്ങളുടെ ഇടുങ്ങിയ മനസും ആഴം കുറഞ്ഞ ഉൾകാഴ്ചയും ആണ്‌ വെളിപ്പെടുത്തുന്നത്‌........
......അല്ലാഹുവിൽ സ്വയം നഷ്ടപ്പെടുംവിധം ഹർഷോന്മാദത്തിന്റെ അത്തരമൊരു തലം തങ്ങൾ പ്രാപിക്കുന്നതായി ചില സൂഫി പ്രവാചകന്മാർ പ്രതിപാദിച്ചിട്ടുണ്ട്‌.ഷെയ്ഖ്‌ അബ്ദുൽ ഹസൻ നൂരിയുടെ അവസ്ഥ അത്തരത്തിലുള്ളതായിരുന്നു.ഒരു പദ്യം ഉരുവിടുന്നത്കേട്ട്‌ അദ്ദേഹം ഹർഷാന്മാദ അവസ്ഥയിലേക്കു പതിച്ചു.പുതുതായി വെട്ടിമാറ്റിയ നിറയെ കരിമ്പിൻ കുറ്റികളുള്ള ഒരു വയലിൽ പ്രവേശിച്ച്‌, പാദങ്ങളിൽ മുറിവേറ്റ്‌ രക്തമൊലിക്കുന്നതുവരെ അദ്ദേഹം അങ്ങുമിങ്ങും ഓടി.അധികം താമസിയാതെ മരിക്കുകയും ചെയ്തു.....

...മുകളിൽ പറഞ്ഞതു പോലുള്ള അവസ്തകൾ ഖുർ-ആൻ വചനങ്ങൾ കേൾക്കുന്നതുകൊണ്ടു മാത്രമല്ല ശ്രിംഗാര കവിത കേൾക്കുന്നതു കൊണ്ടുകൂടി പലപ്പോഴും സംഭവിക്കാറുണ്ട്‌.........
.......പുരുഷൻ തന്റെ തന്റെ സ്വത്തിന്റെ ആറിലൊരുഭാഗം മാതാവിനും പകുതി സഹോദരിക്കും വിട്ടുകൊടുക്കണം;ഭർത്താവിന്റെ മരണശേഷം മറ്റൊരു പുരുഷന്റെ ഭാര്യയായിത്തീരുന്നതിനു മുമ്പ്‌ വിധവ നാലു മാസവും പത്തുദിവസവും കാത്തു നിൽക്കണം.അത്തരം വചനങ്ങളുടെ ചൊല്ലൽ മൂലം മതപരമായ ഹർഷോന്മാദത്തിലേക്ക്‌ തള്ളി വിടാനുള്ള സാധ്യത വളരെ കുറവാണ്‌.........

.....ഈ മതഗൂഢാത്മക ന്ര്ത്തങ്ങളുടെ ഇതര സവിശേഷതകൾ പലപ്പോഴും അവക്ക്‌ അകമ്പടിയായി വരുന്ന ശാരീരിക വക്രീകരണവും വസ്ത്രങ്ങൾ പിച്ചിക്കീറലുമാണ്‌.യഥാർത്ഥ ഹർഷോന്മാദ അവസ്ഥകളുടെ ഫലമാണ്‌ ഇവയെങ്കിൽ ഇവക്കെതിരെ പറയാൻ ഒന്നും തന്നെയില്ല.......
......ഷെയ്ഖ്‌ ജുനൈദുൽ ബഗ്ദാദിയുടെ ശിഷ്യനായിരുന്ന ഒരു യുവാവിനെ സംബന്ധിച്ച ഒരു കഥയുണ്ട്‌.സൂഫികളുടെ ഒരു സദസ്സിൽ ഗാനാലാപനം കേട്ട്‌ അയാൾക്ക്‌ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.ഹർഷോന്മാദത്താൽ അലറി വിളിക്കാൻ തുടങ്ങി.ജുനൈദ്‌ യുവാവിനോട്‌ പറഞ്ഞു."നീയതു വീണ്ടും ചെയ്യുകയാണെങ്കിൽ എന്റെ കൂട്ടത്തിൽ ഇരിക്കേണ്ട.".ഇതിനു ശേഷം ഇത്തരം സന്ദർഭങ്ങളിൽ യുവാവു സ്വയം നിയന്ത്രിക്കുമായിരുന്നു.എന്നാൽ ഒടുവിലൊരു ദിവസം അയാൾ പരിധി വിട്ട്‌ വികാരാധീനനായിപ്പോയി.വികാരങ്ങളെ വളരെ നേരം ബലാൽക്കാരമായി അടിച്ചമർത്തിയ ശേഷം അയാൾ ഒന്നലറി വിളിച്ചു.അതോടെ മരിക്കുകയും ചെയ്തു......................
.......... ഇക്കാര്യങ്ങൾ ഇസ്ലാമിൽ താരതമ്യേന പുതുമയുള്ളതും പ്രവാചകന്റെ ആദ്യാനുയായികളിൽനിന്ന് ലഭിച്ചിട്ടില്ലാത്തതും ആണെങ്കിൽ കൂടിയും എല്ലാ പുതുമകളും വിലക്കപ്പെട്ടിട്ടില്ലെന്ന് നാം ഓർക്കണം.നിയമത്തെ നേരിട്ട്‌ എതിർക്കുന്നവയെ മാത്രമേ വിലക്കിയിട്ടുള്ളു.ഉദാഹരണത്തിന്‌,"തറാവീഹ്‌" അഥവാ രാത്രി നമസ്കാരം ആദ്യമായി ഏർപ്പെടുത്തിയത്‌ ഖലീഫ ഉമർ ആണ്‌.പ്രവാചകൻ പറഞ്ഞു.;"ഓരോരുത്തരുടെയും ശീലവും പ്രക്രിതവും അനുസരിച്ച്‌ അയാളോടൊപ്പം ജീവിക്കുക" അതിനാൽ മതപരമായ നിയമങ്ങളുമായി ജനങ്ങൾക്ക്‌ പൊരുത്തപ്പെടാൻ കഴിയാതിരിക്കുംബോൾ അവരെ തൃപ്തിപ്പെറ്റുത്തുന്ന ആചാരങ്ങളുമായി യോജിച്ചുപോവുകയാണ് ശരി. പ്രവാചകൻ പ്രവേശിക്കുന്ന സമയത്ത്‌ അനുയായികൾ എഴുനേറ്റു നിൽക്കുന്ന ശീലം ഉണ്ടായിരുന്നില്ല എന്നതാണു സത്യമാണ്.ഈ ആചാരം അവർ ഇഷ്ട്പ്പെട്ടിരുന്നില്ല എന്നതാണ് കാരണം.എന്നാൽ അതൊരു വ്യവസ്താപിത ആചാരമായിത്തീരുകയും അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നത്‌ അലോസരം ഉണ്ടാക്കുകയും ചെയ്യുന്ന അവസരത്തിൽ അതിനോട്‌ ഒത്തൊരുമിച്ചു പോവുകയാണ് നല്ലത്‌.അരബികൾക്ക്‌ തങ്ങളുടേതായ സ്വന്തം ആചാരങ്ങളുണ്ട്‌. പേർഷ്യക്കാർക്ക്‌ അവരുടേതുമുണ്ട്‌.ഏതാണ് ഏറ്റവും നല്ലതെന്ന് അല്ലാഹുവിന്നറിയാം.

ആത്മപരിശോധനയേയും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയെയും സംബന്ധിച്ച്‌' എന്ന അദ്ധ്യായത്തിൽനിന്ന്.

....അല്ലാഹുവിനെ സ്മരിക്കുന്ന ഇക്കൂട്ടരിൽ ചിലർ അവനെക്കുറിച്ചുള്ള ചിന്തയിൽ അങ്ങേയറ്റം മുഴികിയിരിക്കുന്നതിനാൽ ജനങ്ങൾ അവ്രോടു സംസാരിക്കുമ്പോൾ അവർ കേൾക്കുകയോ അവരുടെ മുന്നിൽ നടക്കുമ്പോൽ അവർ കാണുകയോ ചെയ്യുന്നില്ല......."അല്ലയോ നാഥാ! നിന്നെക്കുറിച്ച്‌ സ്മരിക്കുന്നതിൽനിന്ന് നിന്റെ പല സൃഷ്ടികളും എന്നെ തടയുന്നു"...

....ഒരിക്കൽ അബൂത്വൽ ഹ ഒരു ഈന്തപ്പനത്തോട്ടത്തിൽ നമസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു.ആ സമയത്ത്‌ തോട്ടത്തിൽനിന്ന് പറന്നുപോയ മനോഹരമായ ഒരു പക്ഷി അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു.തന്റെ ശ്രദ്ധക്കുറവിനെ സ്വയം ശിക്ഷിക്കാൻ അദ്ദേഹം ഈന്തപ്പനത്തോട്ടം ദാനം ചെയ്തു. തങ്ങളുടെ ലൗകിക സ്വഭാവം വഴിപിയഴക്കലിനു വിധേയമാണെന്ന് അത്തരം വിശുദ്ധന്മാർക്ക്‌ അറിയാമായിരുന്നു......


മതനിഷ്ഠ ജീവിതത്തിന്‌ വിവാഹം സഗായമോ തടസ്സമോ എന്ന നിലയിൽ' എന്ന അധ്യായത്തിൽ നിന്ന്.

.....ഖുർ-ആൻ പറയുന്നതു പോലെ "മനുഷ്യരെയും ജിന്നുകളെയും ആരാധനക്ക്‌ വേണ്ടിയല്ലാതെ സൃഷ്ടിച്ചിട്ടില്ല" എന്നു മനസ്സിലാക്കുകയാണെങ്കിൽ ,വിവാഹത്തിന്റെ പ്രഥമവും വ്യക്തവുമായ പ്രയോജനം അല്ലാഹുവിന്റെ ആരാധകർ എണ്ണത്തിൽ വർദ്ധിക്കട്ടെ എന്നതാണ്............

........പ്രവാചകൻ പറഞ്ഞു"കൊള്ളക്കരൻ പോലും തന്റെ മക്കളെ കൊണ്ട്‌ രക്ഷിതാക്കളെ സ്വർഗ്ഗത്തിലേക്ക്‌ അടുപ്പിക്കാൻ കഴിയും.".....

......തന്റെ വെളിപാടുകളുടെ ഭാരം തന്റെ മേൽ വല്ലാതെ വന്ന് അമർന്ന് ഞരുങ്ങുമ്പോൾ പ്രവാചകൻ ഭാര്യ ആയിഷയെ സ്പർശ്ശിച്ചു കൊണ്ടു പറയുമായിരുന്നു "അല്ലയോ ആയിഷാ, എന്നോടു സംസാരിക്കൂ, എന്നോടു സംസാരിക്കൂ".സുപരിചിതമായ ആ മനുഷ്യ സ്പർശ്ശത്താൽ പുതിയ വെളിപാടുകൾക്ക്‌ പിന്തുണയേകാൻ തനിക്കു കരുത്തു കിട്ടിയേക്കുമെന്ന് കരുതിയാണ്‌ അദ്ദേഹം ഇപ്രകാരം ചെയ്തത്‌.ഇതേകാരണത്താൽ വാങ്കു വിളിക്കാരനായ ബിലാലിനോട്‌ പ്രവാചകൻ പ്രാർത്ഥനക്കുള്ള വാങ്കു കൊടുക്കാൻ നിർദ്ദേശിക്കാറുണ്ടായിരുന്നു.ചിലപ്പോൾ സുഗന്ധ ദ്രവ്യങ്ങൾ വാസനിക്കുകയും പതിവായിരുന്നു........

.......പ്രശസ്തമായ നബിവചനം ഇങ്ങനെ ,"ലോകത്തിൽ ഞാൻ മൂന്നു കാര്യങ്ങളെ സ്നേഹിച്ചിട്ടുണ്ട്‌.സുഗന്ധദ്രവ്യങ്ങൾ,സ്ത്രീകൾ,പ്രാർത്ഥനയിലെ ഉന്മേഷം"......

.....വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കുക,ഭക്ഷണം പാകം ചെയ്യുക,പാത്രങ്ങൾ കഴുകുക,നിലം അടിച്ചു വാരി വൃത്തിയാക്കുക തുടങ്ങിയവ നിർവ്വഹിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കണമെന്നതാണ്‌ ദാമ്പത്യ ജീവിതത്തിന്റെ ഇനിയൊരു പ്രയോജനം.അത്തരമൊരു ജോലിയിൽ പുരുഷൻ വ്യാപ്രിതനാണെങ്കിൽ അയാൾക്ക്‌ വിജ്ഞാനം ആർജ്ജിക്കാനോ തന്റെ ബിസിനസ്സ്‌ തുടർന്നുകൊണ്ടു പോകാനോ ഉചിതമായ രീതിയിൽ തന്റെ ആരാധനകളിൽ ഏർപ്പെടാനോ സാധിക്കുകയില്ല.ഇക്കാരണം കൊണ്ടാണു അബൂ സുലൈമാൻ പറഞ്ഞത്‌."നല്ലൊരു ഭാര്യ ഇഹലോകത്തിന്റെ മാത്രം അനുഗ്രഹമല്ല.പരലോകത്തിന്റേതു കൂടിയാണ്‌.കാരണം, പരലോകത്തെക്കുറിച്ചു ചിന്തിക്കാൻ അവൾ അയാൾക്ക്‌ വിശ്രമവേള നൽകുന്നു"......

..... പ്രവാചകൻ പറഞ്ഞു."വിവാഹമൂല്യത്തുക ചെറുതായിരിക്കുകയും സൗന്ദര്യം വലിയതായിരിക്കുകയുംചെയ്യുന്ന തരത്തിൽ പെട്ടവളാണു ഉത്തമമായ ഭാര്യ".......
......ഭാര്യയിൽ ഉണ്ടായിരിക്കേണ്ട അഞ്ചാമത്തെ ഗുണം അവൾ വന്ധ്യയായിരിക്കരുത്‌."വീട്ടിലെ മൂലയിൽ കിടക്കുന്ന പഴയൊരു പായ്ക്കഷ്ണം വന്ധ്യയായ ഭാര്യയേക്കാൾ നല്ലതാണ്‌".......
.....മറ്റൊരു ഗൂണം മുമ്പ്‌ വിവാഹം ചെയ്തവളാകരുത്‌.......

......ഖുർ-ആനിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു."പുരുഷനു സ്ത്രീയുടെ മേൽ ആധിപത്യം ഉണ്ടായിരിക്കണം".പ്രവാചകൻ പറഞ്ഞു."തന്റെ ഭാര്യയുടെ ദാസന്നയ പുരുഷന്‌ ഹാ കഷ്ടകാലം".എന്തു കൊണ്ടെന്നാൽ അവൾ അയാളുടെ ദാസിയായിരിക്കണം.ജ്ഞാനികൾ പറഞ്ഞിട്ടുണ്ട്‌"സ്ത്രീകളോടു ചർച്ച ചെയ്ത്‌ അവരുടെ ഉപദേശത്തിനു വിരുദ്ധമായി പ്രവർത്തിക്കുക" സത്യത്തിൽ സ്ത്രീകളിൽ തല തിരിഞ്ഞതായി എന്തോ ഉണ്ട്‌.അവർക്ക്‌ ഇത്തിരി പോലും സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്താൽ,അവർ അപ്പാടെ നിയന്ത്രണം വിടുന്നു. അവരെ പൂർവ്വസ്ഥിതിയിലേക്കു കൊണ്ടു വരിക ബുദ്ധിമുട്ടായിരിക്കും. സ്ത്രീകളെ കൈകാര്യം ചെയ്യുമ്പോൾ കാർക്കശ്യത്തിന്റെയും വാൽസ്യത്തിന്റെയും ഒരു മിശ്രിതം ഉപയോഗിക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌.അതിൽ വാൽസ്യത്തിന്റെ അനുപാതം കൂടിയായിരിക്കണം.പ്രവാചകൻ പഞ്ഞു:"സ്ത്രീയെ ഒരു വളഞ്ഞ വാരിയെല്ലു കൊണ്ടാണ്‌ സൃഷ്ടിച്ചത്‌.അത്‌ വളരെ പെട്ടെന്ന് വളക്കാൻ ശ്രമിച്ചാൽ അവൾ ഒടിയുകയാൺ ചെയ്യുക.അവളെ തനിയെ വിട്ടാൽ അവൾ കൂടുതൽ കൂടുതൽ വളഞ്ഞു വരും.അതിനാൽ അവളോടു മൃദുസമീപനം പുലർത്തുക"...

......പ്രവാചകന്റെ കാലത്ത്‌ സ്ത്രീകൾക്ക്‌ പള്ളിയിൽപോകാനും ആരാധകരുടെ അവസാനനിരയിൽ നിൽക്കാനും അനുവാദം ഉണ്ടായിരുന്നു.എന്നാൽ ഇത്‌ കാലക്രമേണ വിലക്കപ്പെട്ടു.......

......മൊഴിചൊല്ലൽ തീർത്തും ആവശ്യമായിവരുമ്പോൾ അതിന്റെ സൂത്രവാക്യം മൂന്നു തവണ ഒറ്റയടിക്ക്‌ ഉരുവിടാൻ പാടില്ല.അത്‌ മൂന്നു വ്യത്യസ്ത സന്ദർഭങ്ങളിലായിരിക്കണം.........

'അല്ലാഹുനിനോടുള്ള സ്നേഹം ' എന്ന അധ്യായത്തിൽ നിന്ന്.

.....അല്ലാഹു പ്രവാചകനായ ദാവീദിനോടു പറഞ്ഞു."ശിക്ഷാഭയം മൂലമോ പ്രതിഫലേച്ഛ്മൂലമോ എന്നെ തേടാത്ത, എന്നാൽ തന്റെ ദൈവത്തിനു അർഹതപ്പെട്ട കടം വീട്ടുന്ന, ആദാസനാണ്‌ എനിക്ക്‌ ഏറ്റവും പ്രിയങ്കരൻ.സങ്കീർത്തനങ്ങളിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു."നരകഭയമോ സ്വർഗ്ഗപ്രത്യാശയോ മൂലം എന്നെ ആരാധിക്കുന്നവനേക്കാൾ വലിയ അപരാധി ആരാണുള്ളത്‌? ഇവയൊന്നും തന്നെ ഞാൻ സൃഷ്ടിച്ചിട്ടില്ലായിരുന്നുവെങ്കിൽ, ഞാൻ ആരാധിക്കപ്പെടാൻ അർഹനല്ലാതാകുമായിരുന്നോ?"......

.....പ്രവാചകനെ അവർ സ്നേഹിക്കുന്നുണ്ടോ എന്ന് വിശുദ്ധ റാബിയയോട്‌ ഒരിക്കൽ ആരോ ചോദിക്കുകയുണ്ടായി.അവർ പറഞ്ഞു."സ്രഷ്ടാവിനോടുള്ള സ്നേഹം സഹജീവികളെ സ്നേഹിക്കുന്നതിൽ നിന്ന് എന്നെ തടഞ്ഞിരിക്കുന്നു".ഇബ്രാഹിം ബിൻ ആദം തന്റെ പ്രാർത്ഥനകളിൽ പറഞ്ഞു."അല്ലയോ അല്ലാഹുവേ! നിന്നോടുള്ള സ്നേഹവുമായും നീ എനിക്കനുവദിച്ചു തന്ന നിന്നെക്കുറിച്ചുള്ള സ്മരണയുടെ ആനന്ദവുമായും താരതമ്യപ്പെടുത്തുമ്പോൾ എന്റെ വീക്ഷണത്തിൽ സ്വർഗ്ഗം തന്നെയും ഒരു കീടത്തേക്കാൾ ചെറിതാണ്‌"...........

......അള്ളാഹുവിനെ സ്നേഹിക്കുന്നുണ്ടോ എനതിന്റെ ആത്മാർത്ഥതയുടെ അഞ്ചാമത്തെ പരിശോധന ഇതാണ്‌.ആരാധനോദ്ദേശ്യത്തിനു വേണ്ടി ഏകാന്തവാസവും സ്വകാര്യതയും അയാൾ കൊതിക്കും.രാത്രിയുടെ ആഗമനത്തിനു വേണ്ടി അയാൾ കൊതിക്കും.............

[അവസാനിക്കുന്നില്ല]